19ാം വയസിൽ പൊലീസ് പരീക്ഷ പാസായി നിൽക്കെ വില്ലനായെത്തി ക്യാൻസർ, സുനിത പോരാട്ടം നിർത്തിയില്ല

മാതാപിതാക്കൾ വിവാഹം കഴിപ്പിച്ച് അയക്കുമ്പോൾ വെറും മൂന്ന് വയസായിരുന്നു സുനിത ചൗധരിക്ക് പ്രായം. രാജസ്ഥാനിലെ കുഗ്രാമത്തിലിത് സാധാരണ സംഭവമാണ്. എന്നിരുന്നാലും കളിയിലും വീട്ടുജോലിയിലും മാത്രമായിരുന്നില്ല സുനിതയ്ക്ക് ശ്രദ്ധ. പഠിക്കണമെന്നും ഉയരങ്ങളിലെത്തണമെന്നും അവൾ ആഗ്രഹിച്ചു. അഞ്ചാം വയസിൽ തന്റെ പിതാവിനെ സമീപിച്ച് തനിക്ക് പൊലീസ് ഓഫീസർ ആകണമെന്ന് അഭ്യർത്ഥിച്ചതാണ് സുനിതയുടെ ജീവിതത്തിൽ വഴിത്തിരിവായത്. മകളുടെ ആഗ്രഹം തല്ലിക്കെടുത്താതെ അദ്ദേഹം പൂർണ പിന്തുണ നൽകി ഒപ്പംനിന്നു.
കൃഷിപ്പണികൾക്കിടയിലും സുനിത പഠനത്തിനായി സമയം കണ്ടെത്തി. ദിവസവും ആറ് മണിക്കൂർ നടന്നാണ് അവൾ സ്‌കൂളിലെത്തിയിരുന്നത്. രാത്രികാലങ്ങളിൽ ചിമ്മിനി വെട്ടത്തിൽ പഠിച്ചു. പത്താം ക്ളാസിൽ ഉയർന്ന മാർക്കോടെ പാസായത് സുനിതയുടെ ആത്മവിശ്വാസം ഉയർത്തി. രാജസ്ഥാൻ പൊലീസ് കോൺസ്റ്റബിൾ തസ്‌തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചതോടെ കഠിനമായ തയ്യാറെടുപ്പ് ആരംഭിച്ചു. 50 അപേക്ഷകരിൽ പരീക്ഷ പാസായ ഒരേയൊരു വനിത സുനിതയായിരുന്നു. ഒൻപത് മാസത്തെ കഠിന പരിശീലനത്തിനൊടുവിൽ 19ാം വയസിൽ ഗ്രാമത്തിൽ നിന്നുള്ള ആദ്യ വനിതാ പൊലീസ് കോൺസ്റ്റബിളായി സുനിത ചരിത്രം കുറിച്ചു.
ഇതിനിടെ കഠിനമായ വയറുവേദനയുടെ രൂപത്തിൽ സുനിതയുടെ ജീവിതത്തിൽ ക്യാൻസർ വില്ലനായെത്തി. അണ്ഡാശയ അർബുദം രണ്ടാം ഘട്ടത്തിലെത്തിയിരുന്നു. ആറുമാസം കീമോതെറാപ്പിക്ക് വിധേയയായി. മുടി മുഴുവൻ കൊഴിഞ്ഞുപോയി, ഭാരം 35 കിലോയിലെത്തി. നാല് ലക്ഷം രൂപ ചെലവാക്കി സുനിതയുടെ പിതാവ് അവളെ ചികിത്സിച്ചു. എന്നാൽ ഗ്രാമവാസികൾ അദ്ദേഹത്തെ പരിഹസിക്കുകയും സുനിതയെ കഷണ്ടിയെന്നുവിളിച്ച് കളിയാക്കുകയും ചെയ്തു. തുടർന്ന് വീടിനുള്ളിലായി സുനിതയുടെ ജീവിതം.
ജോലിയിൽ പ്രവേശിച്ചതിനുശേഷവും മൊട്ടത്തല മറയ്ക്കാൻ സുനിത എപ്പോഴും തൊപ്പി ധരിച്ചു. ആരോഗ്യം മാത്രമല്ല, ആത്മവിശ്വാസവും അവൾക്ക് വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. ഈ കാലയളവിൽ, അവൾ സംഗീത പഠനം ആരംഭിച്ചു. ഹാർമോണിയം വായിക്കാൻ പഠിച്ചത് ശാന്തതയും പ്രതീക്ഷയും നൽകി.
ഭർത്താവിനൊപ്പം താമസം മാറിയ സുനിത തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മാതൃത്വത്തിനുള്ള സാദ്ധ്യത കുറവാണെന്ന വസ്തുതയും അദ്ദേഹത്തോട് തുറന്നു പറഞ്ഞു. “എന്തായാലും ഞാൻ നിന്നോടൊപ്പമുണ്ടാകാൻ ആഗ്രഹിക്കുന്നു.” എന്നായിരുന്നു സുനിതയുടെ ഭർത്താവിന്റെ പ്രതികരണം.
ഒരു പൊലീസ് കോൺസ്റ്റബിൾ എന്ന സ്ഥാനം ഉപയോഗിച്ച് സാമൂഹിക സേവനത്തിനായി തന്റെ ജീവിതം സമർപ്പിച്ചിരിക്കുകയാണ് സുനിത. രാജസ്ഥാനിലുടനീളമുള്ള സ്കൂളുകൾ സന്ദർശിച്ചുകൊണ്ട് വ്യക്തിഗത സുരക്ഷ, റോഡ് സുരക്ഷ, നല്ലതും ചീത്തയുമായ സ്പർശങ്ങൾ തമ്മിലുള്ള വ്യത്യാസം എന്നിവയെക്കുറിച്ച് അവർ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. ഇന്ന് രാജസ്ഥാനിലെ “പൊലീസ് വാലി ദീദി” ആണ് സുനിത.
Source link



