NEWS

എഫ് 16 വിമാനത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണം: ഇറാൻ്റെ അവകാശവാദം തള്ളി അമേരിക്ക

വാഷിങ്ടൻ ∙ പേർഷ്യൻ ഗൾഫ് മേഖലയിൽ വെച്ച് തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനമുപയോഗിച്ച് അമേരിക്കൻ എഫ്-16 പോർവിമാനത്തിന് കേടുപാടുകൾ വരുത്തിയെന്ന ഇറാൻ സൈന്യത്തിന്റെ വാദങ്ങൾ യുഎസ് അധികൃതർ പൂർണമായി നിഷേധിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ, ആക്രമണത്തെ തുടർന്ന് യുഎസ് വിമാനം മേഖലയിലെ ഏതെങ്കിലും ഒരു വ്യോമതാവളത്തിൽ അടിയന്തരമായി ഇറങ്ങേണ്ടി വന്നുവെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തത്.

ഹോർമുസ് കടലിടുക്കിന്റെ പരിസരത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉരസലുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇറാൻ സൈന്യത്തിന്റെ പിആർ വിഭാഗം ശനിയാഴ്ച ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇറാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത വ്യോമപ്രതിരോധ സംവിധാനത്തിന് പേർഷ്യൻ ഗൾഫിനു മുകളിലൂടെ പറന്ന യുഎസ് യുദ്ധവിമാനത്തെ കണ്ടെത്താനും തുടർന്ന് മിസൈൽ പ്രയോഗിക്കാനും സാധിച്ചുവെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. വിമാനത്തിന് തൊട്ടടുത്ത് മിസൈൽ പതിച്ചുണ്ടായ സ്ഫോടനത്തെ തുടർന്ന് പൈലറ്റ് ദൗത്യം പാതിവഴിയിൽ അവസാനിപ്പിക്കുകയും അടിയന്തര ലാൻഡിങ് നടത്തുകയുമായിരുന്നുവെന്നും ഇറാൻ പറയുന്നു. എന്നാൽ, വിമാനം എവിടെയാണ് ഇറക്കിയതെന്ന കാര്യത്തിൽ കൃത്യമായ വിവരങ്ങൾ നൽകാൻ ഇറാൻ തയ്യാറായിട്ടില്ല.

Fashion ⏭️

Back to top button