ഊബർ എസി തർക്കം: ഡ്രൈവറും യുവതിയും തമ്മിൽ കയ്യാങ്കളി, മണിക്കൂറുകളോളം ഗതാഗത തടസ്സം

ആലങ്ങാട് ∙ കാറിലെ എസിയുടെ പ്രവർത്തനം സംബന്ധിച്ച തർക്കം ഊബർ ടാക്സി ഡ്രൈവറും യാത്രക്കാരിയും തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു. കരിങ്ങാംതുരുത്തിൽ വ്യാഴാഴ്ചയുണ്ടായ ഈ സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
കൊങ്ങോർപ്പിള്ളിയിൽ നിന്നും തൃശൂരിലേക്ക് യാത്ര ചെയ്യുന്നതിനായി 1200 രൂപയ്ക്കാണ് യുവതി ഊബർ ടാക്സി ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ കാറിലെ എസിയുടെ തണുപ്പ് കൂട്ടണമെന്ന് യുവതി ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിനായി കൂടുതൽ പണം നൽകേണ്ടി വരുമെന്ന് ഡ്രൈവർ മറുപടി നൽകിയതോടെ ഇരുവർക്കുമിടയിൽ വാക്കുതർക്കം ഉടലെടുക്കുകയായിരുന്നു.
തുടർന്ന് യാത്ര തുടരാൻ താത്പര്യമില്ലെന്നും തന്നെ തിരികെ കയറിയ സ്ഥലത്ത് തന്നെ എത്തിക്കണമെന്നും യുവതി നിർബന്ധം പിടിച്ചു. വാഹനം തിരികെ കരിങ്ങാംതുരുത്ത് കവലയിൽ എത്തിയപ്പോൾ യുവതിയോട് ഇറങ്ങാൻ ഡ്രൈവർ ആവശ്യപ്പെട്ടു. ഇതിനിടെ യുവതി വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ബന്ധുക്കളെന്ന് അവകാശപ്പെടുന്നവർ ഡ്രൈവറുമായി തർക്കത്തിലേർപ്പെടുകയും മർദിക്കുകയും ചെയ്തു.
സംഭവസ്ഥലത്തെത്തിയ ബിനാനിപുരം പോലീസ് ഡ്രൈവറെയും മർദിച്ചവരെയും കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.




