മുംബൈയിൽ ഒറ്റയ്ക്ക് കഴിഞ്ഞ ലളിതയുടെ മരണം; മക്കളെ തേടി പത്രപ്പരസ്യം

മുംബൈയുടെ അതിവേഗ ജീവിതത്തിരക്കുകളിൽ അനാഥമായിപ്പോയ ഒരുകൂട്ടം വയോജനങ്ങളുടെ നേർചിത്രമായി ഒരു പത്രപ്പരസ്യം മാറുകയാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി മുംബൈയിൽ തനിച്ചു താമസിച്ചിരുന്ന ലളിത കൃഷ്ണമൂർത്തി എന്ന വയോധികയുടെ വിയോഗത്തിന് പിന്നാലെ, അവരുടെ ബന്ധുമിത്രാദികളെ കണ്ടെത്താനായി അയൽവാസികൾ നൽകിയ പരസ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വികാരനിർഭരമായ പ്രതികരണങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ചെന്നൈയിൽ വേരുകളുള്ള ലളിത കൃഷ്ണമൂർത്തി നീണ്ട നാല് പതിറ്റാണ്ടുകാലം മുംബൈയിലെ ഫ്ലാറ്റിൽ ഏകാന്തതയിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ നവംബർ 13-നായിരുന്നു അവരുടെ അന്ത്യം സംഭവിച്ചത്. മരിക്കുന്ന സമയത്ത് രക്തബന്ധത്തിലുള്ള ആരും അരികിലുണ്ടായിരുന്നില്ല എന്ന യാഥാർത്ഥ്യം ഏറെ വേദനിപ്പിക്കുന്നതാണ്. ഒടുവിൽ, ഫ്ലാറ്റിലെ അയൽക്കാരാണ് അവരുടെ അന്തിമകർമ്മങ്ങൾ നിർവഹിക്കാൻ മുന്നിട്ടിറങ്ങിയത്.
കിഷോർ സുബ്രഹ്മണ്യൻ എന്ന വ്യക്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് നഗരജീവിതത്തിന്റെ ഈ ശൂന്യതയെ കൃത്യമായി അടയാളപ്പെടുത്തുന്നു: ‘‘മക്കൾ ഒരിക്കലും ഒരു എടിഎം മെഷീൻ മാത്രമാകരുത് എന്ന് ഞാൻ പലപ്പോഴും പറയാറുണ്ട്. ലോകത്തിന്റെ ഏത് കോണിൽ നിന്നും പണം അയച്ചുകൊടുക്കാൻ മക്കൾക്ക് കഴിഞ്ഞേക്കും, എന്നാൽ തങ്ങളുടെ സാന്നിധ്യം കൊണ്ട് മാത്രം നൽകാൻ കഴിയുന്ന ആശ്വാസം പണത്തിന് നൽകാനാവില്ല. ഏകാന്തമായ രാത്രികളിൽ അക്കൗണ്ടിലെത്തുന്ന പണം നിങ്ങൾക്ക് കൂട്ടായിരിക്കില്ല. വേദനകളിൽ തളരുമ്പോൾ ആ പണം നിങ്ങളുടെ കൈകളിൽ മുറുകെ പിടിക്കാൻ സാധിക്കില്ല. ലളിത കൃഷ്ണമൂർത്തിയുടേത് ഒറ്റപ്പെട്ട ഒരു സംഭവമല്ല, മറിച്ച് പല ഭവനങ്ങളുടെയും അവസ്ഥയാണ്. ഒരുകാലത്ത് സന്തോഷം നിറഞ്ഞുനിന്നിരുന്ന വീടുകളിൽ ഇന്ന് മാതാപിതാക്കൾക്ക് കൂട്ട് ഒരു ടെലിവിഷൻ മാത്രമായി ചുരുങ്ങിയിരിക്കുന്നു. മെച്ചപ്പെട്ട ജീവിതം തേടിപ്പോകുന്ന മക്കൾ പിന്നീട് തിരിഞ്ഞുനോക്കാറില്ല. അവസാനയാത്രയിൽ പോലും അവർ എത്താറില്ലെന്നതാണ് കയ്പേറിയ സത്യം. ‘ഉടനെ വരാം’ എന്ന വാഗ്ദാനം വർഷങ്ങൾ നീളുന്ന മൗനമായി മാറുന്നു. മാതാപിതാക്കളെ ദൈവതുല്യമായി കരുതുന്ന സംസ്കാരത്തെക്കുറിച്ച് നമ്മൾ വാചാലരാകാറുണ്ട്. എന്നിട്ടും, ലക്ഷ്യങ്ങൾക്കും ദൂരങ്ങൾക്കും ഇടയിൽ എവിടെയോ വെച്ച് പല മാതാപിതാക്കളും ഒറ്റപ്പെടലിലേക്ക് തള്ളപ്പെടുന്നു. ഒരിക്കലും വരാനിടയില്ലാത്ത തങ്ങളുടെ മക്കളെയും കാത്ത്, നിശ്ശബ്ദമായ വാർധക്യത്തിന്റെ ഏകാന്തതയിൽ അവർ ഇന്നും കാത്തിരിപ്പിലാണ്.’’




