24-ാം ആഴ്ചയിൽ 540 ഗ്രാം ഭാരത്തിൽ പിറന്ന കുഞ്ഞിന്റെ അത്ഭുതകരമായ അതിജീവനം

മുംബൈ: ഗർഭകാലത്തിന്റെ ഇരുപത്തിനാലാം ആഴ്ചയിൽ വെറും 540 ഗ്രാം ഭാരവുമായി ലോകത്തേക്ക് കടന്നുവന്ന ഒരു ആൺകുഞ്ഞ്, നാല് മാസത്തിലേറെ നീണ്ട തീവ്രപരിചരണത്തിന് ഒടുവിൽ മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി. നവി മുംബൈയിലെ ഖാർഘറിലുള്ള മദർഹുഡ് ആശുപത്രിയിലാണ് വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതമായി മാറിയ ഈ അതിജീവനം സംഭവിച്ചത്. ശ്വാസകോശത്തിലെ തകരാറുകൾ, കഠിനമായ അണുബാധ, ദഹനപ്രക്രിയയിലെ തടസ്സങ്ങൾ, വിളർച്ച, കുടലിനെ ബാധിക്കുന്ന ഗുരുതരമായ നെക്രോടൈസിങ് എന്ററോകോളൈറ്റിസ്, കാഴ്ചയെ ബാധിക്കുന്ന റെറ്റിനോപ്പതി ഓഫ് പ്രീമെച്യൂരിറ്റി തുടങ്ങി ജീവന് തന്നെ ഭീഷണിയായ ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് ഈ കുഞ്ഞ് പുതുജീവിതം നേടിയത്.
റായ്ഗഡ് സ്വദേശികളായ ഉജ്ജ്വൽ-മീര ദമ്പതികളുടെ കന്നിപ്രസവമായിരുന്നു ഇത്. ഇരുപത്തിയാറുകാരിയായ അമ്മയ്ക്ക് ഗർഭകാലത്ത് പെട്ടെന്നുണ്ടായ അമ്നിയോട്ടിക് ദ്രാവകം ചോരൽ അടിയന്തര പ്രസവത്തിലേക്ക് നയിക്കുകയായിരുന്നു. തുടർന്ന് ഖാർഘറിലെ മദർഹുഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ. പ്രതിമ താംകെയുടെ മേൽനോട്ടത്തിൽ സുഖപ്രസവത്തിലൂടെ കുഞ്ഞ് പിറന്നു. അമ്മയ്ക്ക് തൈറോയ്ഡ് സംബന്ധമായ ചെറിയ ആരോഗ്യപ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും, ഇരുപത്തിനാല് ആഴ്ചയും ഒരു ദിവസവും മാത്രം പ്രായമെത്തിയ കുഞ്ഞിന്റെ ആന്തരികാവയവങ്ങൾ പൂർണ്ണവളർച്ച എത്തിയിരുന്നില്ല എന്നത് വലിയ വെല്ലുവിളിയായിരുന്നു.
ജനിച്ച ഉടൻ തന്നെ ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ അതിവേഗം നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് (NICU) മാറ്റി. നിയോനാറ്റോളജി ആൻഡ് പീഡിയാട്രിക്സ് വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. അനീഷ് പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ കുഞ്ഞിനെ രക്ഷിച്ചെടുക്കാൻ രാപ്പകൽ അധ്വാനിച്ചത്. ഇരുപത്തിയെട്ട് ആഴ്ചയ്ക്ക് മുൻപ് ജനിക്കുന്ന കുഞ്ഞുങ്ങളെ അതീവ തീവ്ര മാസം തികയാതെയുള്ള ജനനമായും, 1,000 ഗ്രാമിൽ താഴെ ഭാരമുള്ളവരെ അതിതീവ്ര ഭാരക്കുറവുള്ളവരായുമാണ് വൈദ്യശാസ്ത്രം കാണുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അവയവങ്ങളുടെ അപക്വത അവരുടെ നിലനിൽപ്പിനെ അങ്ങേയറ്റം ദുഷ്കരമാക്കുന്നുവെന്ന് ഡോ. അനീഷ് പിള്ള വിശദീകരിച്ചു. മൊത്തം പ്രസവങ്ങളിൽ ഒൻപത് മുതൽ പതിമൂന്ന് ശതമാനം വരെ മാസം തികയാതെയുള്ളവയാണെങ്കിലും, ഇത്രയും നേരത്തെയുള്ള ജനനങ്ങൾ വെറും 0.2 ശതമാനം മാത്രമാണ്.
ദീർഘകാലം ആശുപത്രിയിൽ തുടരേണ്ടി വന്ന കുഞ്ഞിന് കണ്ണുകളിലെ റെറ്റിനോപ്പതി ഓഫ് പ്രീമെച്യൂരിറ്റി എന്ന രോഗം ഭേദമാക്കാൻ ലേസർ ശസ്ത്രക്രിയയും വേണ്ടിവന്നു. തുടർചികിത്സാ സഹായങ്ങൾ, കൃത്യമായ പോഷകാഹാരം, ഒപ്പം ഡോക്ടർമാരുടെയും നഴ്സിംഗ് സ്റ്റാഫിന്റെയും കരുതലും ചേർന്നതോടെ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. നാല് മാസത്തെ ചികിത്സയ്ക്ക് ശേഷം സ്വയം ശ്വസിക്കാനും പാൽ കുടിക്കാനും പ്രാപ്തമായതോടെ കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വിട്ടു. 1.814 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുഞ്ഞിനെ വീട്ടിൽ കൊണ്ടുപോയി പരിപാലിക്കേണ്ട രീതികളെക്കുറിച്ച് മാതാപിതാക്കൾക്ക് പ്രത്യേക പരിശീലനവും നൽകി.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നാളുകളായിരുന്നു ഈ നാല് മാസമെന്ന് പിതാവ് ഓർക്കുന്നു. ഓരോ നിമിഷവും ഭയവും പ്രാർത്ഥനയുമായി കഴിഞ്ഞിരുന്ന തങ്ങൾക്ക് ഡോക്ടർമാരും ജീവനക്കാരും നൽകിയ പിന്തുണയും ആത്മവിശ്വാസവും പറഞ്ഞറിയിക്കാനാവാത്തതാണെന്ന് അദ്ദേഹം നന്ദിയോടെ കൂട്ടിച്ചേർത്തു. ആറാം മാസത്തെ തുടർപരിശോധനയ്ക്കായി ആശുപത്രിയിൽ തിരിച്ചെത്തിയപ്പോൾ, സന്തോഷത്തോടെ കളിച്ചുചിരിക്കുന്ന പൂർണ്ണ ആരോഗ്യവാനായ കുഞ്ഞിനെയാണ് കാണാനായതെന്ന് അധികൃതർ വ്യക്തമാക്കി.




