NEWS

ഖലിസ്ഥാൻ വിഘടനവാദി വധശ്രമക്കേസ്: നിഖിൽ ഗുപ്തയ്ക്ക് 235 മാസം തടവ് ശിക്ഷ

ന്യൂയോർക്ക്: ഖലിസ്ഥാൻ വിഘടനവാദി നേതാവായ ഗുർപട്പന്ത് സിങ് പന്നുവിനെ അമേരിക്കൻ മണ്ണിൽ വെച്ച് അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്ക്ക് (55) യുഎസ് കോടതി 19 വർഷവും ഏഴ് മാസവും (235 മാസം) നീളുന്ന തടവുശിക്ഷ വിധിച്ചു. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ട് കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. കോടതിയിൽ തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഖിൽ ഗുപ്ത പൂർണ്ണമായും സമ്മതിച്ചിരുന്നു.

അമേരിക്കയിലും കാനഡയിലും പൗരത്വമുള്ള പന്നുവിനെ വധിക്കാനായി വാടകക്കൊലയാളിയെ ഏർപ്പെടുത്തുകയും, ഇതിനായി 15,000 ഡോളർ കൈമാറുകയും ചെയ്തതാണ് നിഖിലിനെതിരെയുള്ള പ്രധാന ആരോപണം. 2023 ജൂൺ 30-ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ വെച്ചാണ് ഇദ്ദേഹം പിടിയിലായത്. പിന്നീട് നടപടിക്രമങ്ങൾ പൂർത്തിയാക്കി അമേരിക്കയ്ക്ക് കൈമാറുകയുമായിരുന്നു.

ഈ കേസിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവിനെതിരെയും (39) അമേരിക്കൻ അധികൃതർ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ഒളിവിൽ കഴിയുന്ന യാദവിനെതിരെ കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. വികാസ് യാദവിന്റെ കൃത്യമായ നിർദ്ദേശങ്ങളും മേൽനോട്ടത്തിലുമാണ് നിഖിൽ ഗുപ്ത ഈ നീക്കങ്ങൾ നടത്തിയതെന്നാണ് യുഎസ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Fashion ⏭️

Back to top button