SPORTS

പാകിസ്ഥാൻ താരങ്ങളോട് ജെറ്റ് ഡൗൺ ചെയ്യാൻ ആവശ്യപ്പെട്ട് സ്റ്റാഫ്: കിരീടധാരണത്തിന് പിന്നാലെ ട്രോളി സോഷ്യൽ മീഡിയ

ധാക്ക∙ കളിയില്ലാതെ കിട്ടിയ വിജയത്തിന്റെ തിളക്കത്തിലും അനാവശ്യ വിവാദങ്ങൾക്ക് തിരികൊളുത്തി പാക്കിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം. ബ്ലൈൻഡ് ഏഷ്യാകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കേണ്ടിയിരുന്ന ഫൈനൽ മത്സരം കനത്ത മഴയെത്തുടർന്ന് ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഇതിനു പിന്നാലെ, ടൂർണമെന്റിലെ മികച്ച റൺറേറ്റ് കണക്കിലെടുത്ത് പാക്കിസ്ഥാനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, വിജയം ആഘോഷിക്കുന്നതിനിടെ ഇന്ത്യൻ വിമാനം വെടിവെച്ചിട്ട സംഭവം അനുകരിച്ച് പാക്ക് താരങ്ങൾ പ്രകടനം നടത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ആഘോഷത്തിനിടെ കൂടെയുണ്ടായിരുന്ന ഒരാൾ നിർദ്ദേശിച്ചതനുസരിച്ചാണ് പാക്ക് താരങ്ങൾ ഇത്തരത്തിൽ വിവാദപരമായ ആംഗ്യങ്ങൾ കാണിച്ചത്.

ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിനെ അവഗണിച്ചുകൊണ്ടുള്ള ഈ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധമറിയിച്ച് ഇന്ത്യൻ സംഘം സമ്മാനദാനച്ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ഇന്ത്യൻ ടീമിന്റെ കടുത്ത എതിർപ്പുകളെ പാടെ അവഗണിച്ചാണ് പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിക്കാൻ സംഘാടകർ തീരുമാനിച്ചത്. വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ (ഡബ്ല്യുബിസിസി) പ്രസിഡന്റും പാക്കിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ തലവനുമായ സുൽത്താൻ ഷാ, സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഏകപക്ഷീയമായാണ് വിജയികളെ നിശ്ചയിച്ചതെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് രൂക്ഷമായി ആരോപിച്ചു.

Auto ⏭️

Back to top button