പിഎം സൂര്യഘർ: 5 ലക്ഷം വീടുകളിൽ സോളാർ പദ്ധതി; 1.08 ലക്ഷം രൂപ വരെ സബ്സിഡി

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയുടെ ഭാഗമായി പുരപ്പുറ സോളർ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും തമ്മിൽ കടുത്ത മൽസരമാണ് നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ധനസഹായത്തിന് പുറമേ തനതായ സബ്സിഡികൾ കൂടി നൽകി പദ്ധതി ജനകീയമാക്കാൻ ഓരോ സംസ്ഥാനവും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ഈ രംഗത്ത് മികച്ച നേട്ടങ്ങളുമായി മുന്നേറുന്ന ഉത്തർപ്രദേശ്, പദ്ധതിയുടെ വ്യാപ്തി വർധിപ്പിക്കാൻ വീണ്ടും തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തെ അഞ്ചു ലക്ഷം വീടുകളിൽക്കൂടി സോളർ പാനലുകൾ സ്ഥാപിക്കുന്നതിനായി യോഗി ആദിത്യനാഥ് സർക്കാർ കേന്ദ്രത്തിന് നിർദ്ദേശം നൽകി കഴിഞ്ഞു. ഇതിനായി 3750 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. ഇതിലൂടെ അധികമായി 750 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെട്ട 2.50 ലക്ഷം വീടുകളിൽ ഒരു കിലോവാട്ടിന്റെയും, ബാക്കിയുള്ള രണ്ടര ലക്ഷം വീടുകളിൽ രണ്ട് കിലോവാട്ടിന്റെയും സോളർ പ്ലാന്റുകൾ സജ്ജമാക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആനുകൂല്യങ്ങൾ ചേർത്താൽ ഗുണഭോക്താക്കൾക്ക് 1.08 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. പിഎം സൂര്യഘർ പദ്ധതി വഴി സബ്സിഡി നിരക്കിൽ പുരപ്പുറ സോളർ സ്ഥാപിക്കാൻ 2027 മാർച്ച് 31 വരെയാണ് അവസരം.
ഇന്ത്യയിലെ കണക്കുകൾ പരിശോധിച്ചാൽ നിലവിൽ 68.09 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ പദ്ധതി യാഥാർഥ്യമായിട്ടുണ്ട്. ഇതിലൂടെ 19,984 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയാണ് രാജ്യം കൈവരിച്ചത്. ഇതുവരെ 37,784 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ കേന്ദ്രം വിതരണം ചെയ്തത്. ഉത്തർപ്രദേശിന്റെ നേട്ടങ്ങൾ പരിശോധിച്ചാൽ 9.85 ലക്ഷം വീടുകൾ ഇതിനകം പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. 3262 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് 6600 കോടി രൂപയുടെ സബ്സിഡി ആനുകൂല്യവും ലഭിച്ചിട്ടുണ്ട്.




