വാഖൻ അതിർത്തി തുറക്കാനുള്ള അഫ്ഗാൻ നീക്കത്തിന് ചൈനയുടെ തിരിച്ചടി; ഗൾഫ് പ്രവേശന സ്വപ്നം പ്രതിസന്ധിയിൽ

പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം വഷളായതോടെ, വാണിജ്യരംഗത്തെ നിലനിൽപ്പിനായി അഫ്ഗാനിസ്ഥാൻ ആവിഷ്കരിച്ച വാഖൻ അതിർത്തി തുറക്കാനുള്ള പദ്ധതിക്ക് തുടക്കത്തിൽ തന്നെ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. ചൈനയുമായി അതിർത്തി പങ്കിടുന്ന വാഖൻ ഇടനാഴി പ്രവർത്തനസജ്ജമാക്കാനായിരുന്നു അഫ്ഗാൻ ഭരണകൂടത്തിന്റെ തീരുമാനം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബാദഖ്ഷാൻ പ്രവിശ്യയിലെ 121 കിലോമീറ്റർ നീളമുള്ള പാതയാണിത്. വാഖ്ജിർ ചുരത്തിലൂടെയുള്ള ഈ വഴി ചൈനയിലേക്കുള്ള കവാടമായി കണക്കാക്കപ്പെടുന്നു. ഗതാഗത സൗകര്യങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ഇന്നും ഈ പാതയിലൂടെയുള്ള യാത്രയ്ക്ക് അനുമതിയില്ല.
എങ്കിലും, ചൈനയുടെ പിന്തുണയോടെ ഈ പാതയെ ഒരു പ്രധാന ചരക്കുനീക്ക ഇടനാഴിയാക്കി മാറ്റാൻ താലിബാൻ ഭരണകൂടം 365 മില്യൻ അഫ്ഗാനിസ് (ഏകദേശം 50 കോടി രൂപ) മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഈ വഴിയിലൂടെ പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ ചരക്കെത്തിക്കാമെന്നതാണ് അഫ്ഗാനിസ്ഥാന്റെ കണക്കുകൂട്ടൽ. എന്നാൽ, അതിർത്തി തുറക്കുന്ന കാര്യത്തിൽ ചൈന ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. അതിർത്തിയിൽ ചൈനീസ് ഭാഗത്ത് കസ്റ്റംസ് സംവിധാനങ്ങൾ ഒരുക്കുന്നതിൽ പോലും അവർ മടിച്ചുനിൽക്കുകയാണ്. വാഖൻ പാത തുറക്കുന്നത് തങ്ങൾക്ക് വലിയ സാമ്പത്തിക ലാഭം നൽകുമെന്ന് ചൈനയ്ക്ക് അറിയാമെങ്കിലും അവർ ഈ വിഷയത്തിൽ മൗനം തുടരുകയാണ്.
ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് ചൈനയ്ക്ക് അനായാസം എത്താൻ കഴിയുന്ന പാതയാണിത്. കൂടാതെ ചൈന-അഫ്ഗാൻ-ഇറാൻ ചരക്ക് ഇടനാഴിക്കും വാഖൻ അതീവ നിർണായകമാണ്. ഈ പാത സജീവമായാൽ മേഖലയിൽ പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ സ്വാധീനം കുറയുമെന്നതും ചൈനയുടെ മൗനത്തിന് കാരണമായി വിലയിരുത്തപ്പെടുന്നു.
നേരത്തെ പാക്കിസ്ഥാൻ വഴിയായിരുന്നു അഫ്ഗാന്റെ ഭൂരിഭാഗം കയറ്റുമതികളും നടന്നിരുന്നത്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കവും അതിർത്തികൾ അടച്ചിട്ടതും അഫ്ഗാൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കി. കറാച്ചി, ഗ്വാദർ തുറമുഖങ്ങൾ ഉപയോഗിക്കാൻ കഴിയാതായതോടെയാണ് ബദൽ മാർഗങ്ങൾ തേടാൻ അഫ്ഗാൻ നിർബന്ധിതരായത്. ഇതിന്റെ ഭാഗമായി മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധം അവർ ശക്തിപ്പെടുത്തി.
കാബൂളിൽ അടുത്തിടെ നടന്ന അഞ്ചാമത് ഇമാം അബു ഹനീഫ ദേശീയ-അന്തർദേശീയ പ്രദർശനത്തിൽ ഇന്ത്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി 400 മില്യൻ ഡോളറിന്റെ (ഏകദേശം 3800 കോടി രൂപ) വാണിജ്യ കരാറുകളിൽ അഫ്ഗാൻ ഒപ്പുവെച്ചു. കൂടാതെ, ചരക്കുനീക്കത്തിനായി ഇറാനിലെ ചബഹാർ തുറമുഖത്തെ ആശ്രയിക്കാനും അഫ്ഗാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ടെർമിനലും ചബഹാറിൽ പ്രവർത്തിക്കുന്നുണ്ട്. ചബഹാർ പ്രത്യേക സാമ്പത്തിക മേഖലയിൽ അഫ്ഗാനിസ്ഥാന് 110 ഹെക്ടർ ഭൂമി നൽകാൻ ഇറാൻ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനത്തിൽ നിന്ന് അവർ പിന്മാറുകയായിരുന്നു.




