NEWS

ദേശീയപാത വികസനം: വിശ്വസമുദ്ര പിന്മാറി; 78.8 ശതമാനം പൂർത്തിയായ നിർമാണം പ്രതിസന്ധിയിൽ

കായംകുളം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊറ്റുകുളങ്ങര–കാവനാട് റീച്ചിൽ ആറര കിലോമീറ്ററോളം നീളത്തിൽ നിർമിക്കാൻ തീരുമാനിച്ച ഉയരപ്പാതയടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്കായുള്ള പുതിയ ടെൻഡർ നടപടികളിൽ പങ്കുചേരേണ്ടതില്ലെന്ന് നിലവിലെ കരാറുകാരായ വിശ്വസമുദ്ര കമ്പനി തീരുമാനിച്ചു. ഇക്കാര്യം ഔദ്യോഗികമായി കമ്പനി ദേശീയപാത അതോറിറ്റിയെ ബോധിപ്പിച്ചിട്ടുണ്ട്.

പദ്ധതിയുടെ 78.8 ശതമാനത്തിലധികം ജോലികൾ പൂർത്തിയായെങ്കിലും, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ കരാറിൽനിന്ന് പിന്മാറാൻ കമ്പനിയെ പ്രേരിപ്പിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന 1580 കോടി രൂപയുടെ പ്രവൃത്തികൾക്ക് പുറമെ, 300 കോടി രൂപയുടെ അധിക ജോലികൾ കൂടി ദേശീയപാത അതോറിറ്റി വിശ്വസമുദ്രയെ ഏൽപ്പിച്ചിരുന്നു. എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഈ അധിക നിർമാണങ്ങൾ പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചില്ല.

നിർമാണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിന് കമ്പനിയെ ഒഴിവാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ദേശീയപാത അതോറിറ്റി നോട്ടീസ് നൽകിയിരുന്നു. നിലവിൽ ഉയരപ്പാതയും അടിപ്പാതയും ഉൾപ്പെടുന്ന ഈ ആറര കിലോമീറ്റർ ഭാഗത്തെ നിർമാണപ്രവൃത്തികൾ പൂർണമായും നിലച്ച അവസ്ഥയിലാണ്.

Fashion ⏭️

Back to top button