AUTO

യൂറോ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ റേറ്റിംഗുമായി കിയ സെല്‍റ്റോസ് സുരക്ഷാ കരുത്തില്‍ മുന്നില്‍

യൂറോ എന്‍ക്യാപ് (Euro NCAP) നടത്തിയ സുരക്ഷാ പരിശോധനയില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് കരസ്ഥമാക്കി കിയ സെല്‍റ്റോസ് വീണ്ടും ശ്രദ്ധ നേടുന്നു. ക്രാഷ് സുരക്ഷാ വിഭാഗത്തില്‍ 84 ശതമാനവും, അപകടാനന്തര സുരക്ഷാ സംവിധാനങ്ങളില്‍ 90 ശതമാനവും സ്‌കോര്‍ ചെയ്താണ് ഈ മിഡ്‌സൈസ് എസ്‌യുവി സുരക്ഷാ മികവ് തെളിയിച്ചത്. നേരത്തെ ഭാരത് എന്‍ക്യാപ് (Bharat NCAP) ടെസ്റ്റിലും സെല്‍റ്റോസ് അഞ്ച് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. ഇതോടെ ആഗോള തലത്തിലും ഇന്ത്യയിലും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിക്കാന്‍ കിയയ്ക്ക് സാധിച്ചു.

യാത്രക്കാരുടെ സുരക്ഷയ്ക്കായി അത്യാധുനിക എമര്‍ജന്‍സി-കോള്‍ സംവിധാനം വാഹനത്തിലുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ വിവരം അടിയന്തര സഹായ സേവനങ്ങള്‍ക്ക് കൈമാറാന്‍ ഇതിന് കഴിയും. അപകടത്തില്‍പ്പെടുന്നവരെ സുരക്ഷിതമായി പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിക്കുന്ന സംവിധാനങ്ങള്‍ക്ക് യൂറോ എന്‍ക്യാപ് ഉയര്‍ന്ന റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്.

അഞ്ച് സ്റ്റാര്‍ നേടിയെങ്കിലും, ചില ഘടകങ്ങളില്‍ കിയ ഇനിയും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന വിലയിരുത്തലുകളും റിപ്പോർട്ടിലുണ്ട്. ഡ്രൈവറുടെയും മുന്നിലെ യാത്രക്കാരുടെയും നെഞ്ചിന് ലഭിക്കുന്ന സംരക്ഷണം, കാല്‍നടയാത്രക്കാരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതൽ പുരോഗതി കൈവരിക്കേണ്ടതുണ്ട്. എങ്കിലും, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണശേഷിയിലും അപകടസമയത്തെ സുരക്ഷയിലും സെല്‍റ്റോസ് മികച്ച നിലവാരം പുലര്‍ത്തുന്നു. അതേസമയം, കൂട്ടിയിടി ഒഴിവാക്കല്‍, സുരക്ഷിത ഡ്രൈവിങ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രതീക്ഷിച്ചത്ര സ്കോറുകൾ ലഭിച്ചില്ല.

ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ ഡ്രൈവറുടെ നെഞ്ചിന് ശരാശരി സംരക്ഷണമേ ലഭിച്ചുള്ളൂ. മുന്‍സീറ്റ് യാത്രക്കാരന്റെ കാര്യത്തിലാണെങ്കില്‍ നെഞ്ചിനുള്ള സുരക്ഷ താരതമ്യേന കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഫുള്‍-വിഡ്ത്ത് ഫ്രണ്ടല്‍ കൊളീഷന്‍ ടെസ്റ്റില്‍ യാത്രക്കാരുടെ ശരീരത്തിന് മികച്ച സംരക്ഷണം ഉറപ്പാക്കാന്‍ വാഹനത്തിനായി. കാല്‍നടയാത്രക്കാരുമായി കൂട്ടിയിടിക്കുമ്പോള്‍ അവരുടെ ഇടുപ്പിന് ലഭിക്കുന്ന സംരക്ഷണം അപര്യാപ്തമാണെന്നും, ഈ വിഭാഗത്തില്‍ അഞ്ച് ശതമാനം പോയിന്റുകള്‍ മാത്രമാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സേഫ് ഡ്രൈവിങ് വിഭാഗത്തില്‍ 67 ശതമാനവും, കൂട്ടിയിടി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യയില്‍ 71 ശതമാനവുമാണ് സെല്‍റ്റോസ് നേടിയത്. സീറ്റ്‌ബെല്‍റ്റ് ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിയാനും, യാത്രക്കാരുടെ ശാരീരിക ഘടന മനസ്സിലാക്കാനുമുള്ള സെല്‍റ്റോസിന്റെ കഴിവ് യൂറോ എന്‍സിഎപി പ്രത്യേകമായി എടുത്തുപറഞ്ഞു. ഡ്രൈവറുടെ ശ്രദ്ധക്കുറവ്, അമിതമായ ക്ഷീണം, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ കൃത്യമായി കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്ന ഡ്രൈവര്‍ മോണിറ്ററിങ് സിസ്റ്റവും വാഹനത്തിലുണ്ട്.

Sports ⏭️

Back to top button