അടുക്കളയിലെ അലങ്കോലവും മാനസിക സമ്മർദ്ദവും: പുതിയ പഠനം വെളിപ്പെടുത്തുന്നതെന്ത്?

വീടും മാനസികാരോഗ്യവും തമ്മിൽ അവിഭാജ്യമായ ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാമോ? വീടിന്റെ പടി കയറുമ്പോൾ തന്നെ വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെടുന്നതായി പലരും പറയാറുണ്ട്. ഇതിനു പിന്നിലെ കാരണങ്ങൾ തേടിയുള്ള യുസിഎൽഎയുടെ (UCLA) പുതിയ പഠനം പറയുന്നത്, ഭക്ഷണത്തേക്കാളുപരി അടുക്കളയും മനുഷ്യനും തമ്മിൽ ആഴത്തിലുള്ളൊരു വൈകാരിക ബന്ധമുണ്ടെന്നാണ്. അടുക്കളയിലെ അലങ്കോലങ്ങൾ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുമെന്നും, സാധനങ്ങൾ കൃത്യമായി ക്രമീകരിച്ചു വെക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും ഈ നിരീക്ഷണം വ്യക്തമാക്കുന്നു.
പാചകം ചെയ്യാനുള്ള താല്പര്യത്തെ സ്വാധീനിക്കുന്നതിൽ അടുക്കളയുടെ അവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. മേശപ്പുറം നിറയെ സാധനങ്ങൾ കുത്തിനിറച്ച് ഇട്ടിട്ടുണ്ടെങ്കിൽ സ്വാഭാവികമായും പാചകം ചെയ്യാനുള്ള മനോവീര്യം കുറയും. പലപ്പോഴും പാചകം ഒരു ഭാരമായി മാറുന്നത് ഈ വൃത്തിഹീനമായ സാഹചര്യം കൊണ്ടാണ്. വൃത്തിയാക്കാൻ മാത്രം ഏറെ സമയം ചിലവഴിക്കേണ്ടി വരുമ്പോൾ, രുചികരമായ ഭക്ഷണം ഉണ്ടാക്കാൻ പിന്നെവിടെ സമയം? കൗണ്ടർ ടോപ്പുകൾ ഒഴിഞ്ഞുകിടക്കുകയും സാധനങ്ങൾ ചിട്ടയോടെ അടുക്കി വെക്കുകയും ചെയ്താൽ പാചകം മടുപ്പിക്കുന്ന ജോലിയല്ല, മറിച്ച് ആനന്ദകരമായൊരു പ്രവൃത്തിയായി മാറും.
വ്യക്തിജീവിതത്തിൽ അടുക്കും ചിട്ടയും പുലർത്തുന്നത് മനസ്സിനും കുളിർമയേകും. അടുക്കള വൃത്തിയായി കിടക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു ഉന്മേഷം ലഭിക്കും. ഓരോ വസ്തുവിനും കൃത്യമായ സ്ഥലം നിശ്ചയിക്കുക. പാചകം കഴിഞ്ഞാലുടൻ തന്നെ അടുക്കള വൃത്തിയാക്കി വെക്കുന്ന ശീലം വളർത്തുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
വീട്ടിലെ ഇത്തരം അലങ്കോലങ്ങൾ സ്ത്രീകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ജോലിക്ക് പോകുന്ന സ്ത്രീകൾ വീട്ടുജോലികൾ കൂടി ഒരേസമയം കൈകാര്യം ചെയ്യുമ്പോൾ, അടുക്കളയിലെ അസൗകര്യങ്ങൾ അവരെ മാനസികമായി തളർത്തുന്നു. യുസിഎൽഎ പഠനമനുസരിച്ച്, വൃത്തിഹീനമായ ചുറ്റുപാടുകൾ സ്ത്രീകളുടെ ശരീരത്തിലെ കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ) അളവിൽ വ്യതിയാനങ്ങൾ വരുത്തുന്നുണ്ട്.
പാചകം എന്നത് ആസ്വദിച്ച് ചെയ്യേണ്ടൊരു കലയാണ്. ചുറ്റുപാടുകൾ അനുകൂലമല്ലെങ്കിൽ പാചകത്തോടുള്ള താല്പര്യം നഷ്ടപ്പെടുകയും, എളുപ്പത്തിൽ കിട്ടുന്ന ലഘുഭക്ഷണങ്ങളിലേക്ക് (Snacks) മാറാനും സാധ്യതയുണ്ട്. അടുക്കള വിരസമായ ഒരിടമായി മാറിയാൽ അത് ഭക്ഷണത്തിന്റെ രുചിയെയും ഗുണനിലവാരത്തെയും ബാധിക്കും. അതിനാൽ പാചകം ചെയ്യുന്ന അന്തരീക്ഷം ആസ്വാദ്യകരമാക്കേണ്ടത് അനിവാര്യമാണ്.
ഭക്ഷണം പാകം ചെയ്യുക എന്നത് സ്ത്രീകളുടെ മാത്രം ചുമതലയാണെന്ന ചിന്താഗതി ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, അടുക്കളയെ ഒരു ‘ഫാമിലി സ്പേസ്’ ആക്കി മാറ്റണമെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. പങ്കാളികൾക്കും കുട്ടികൾക്കും ഒപ്പം ചേർന്ന് ഭക്ഷണം തയ്യാറാക്കുന്നതും, ജോലികൾ തുല്യമായി പങ്കുവെക്കുന്നതും പുതിയൊരു സംസ്കാരത്തിന് തുടക്കം കുറിക്കും. പാചകം എന്നത് ഒറ്റയാന്റെ ഉത്തരവാദിത്തമല്ല, മറിച്ച് ഒരു കൂട്ടായ പ്രവർത്തനമാണെന്ന തിരിച്ചറിവുണ്ടാകണം. അടുക്കളയിൽ ചിലവഴിക്കുന്ന സമയം സന്തോഷകരമായ നിമിഷങ്ങളാക്കി (Quality time) മാറ്റാൻ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്.




