NEWS

ഇറാൻ ഇറക്കുമതി നിയന്ത്രണം: പാകിസ്ഥാൻ മാമ്പഴ വിപണിക്ക് തിരിച്ചടി, ഇന്ത്യൻ മാമ്പഴത്തിന് വൻ ഡിമാൻഡ്

പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിൽ ഉടലെടുത്ത സംഘർഷാവസ്ഥ പാക്കിസ്ഥാന്റെ സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് പാക്കിസ്ഥാന്റെ വിദേശ വ്യാപാരത്തെ സാരമായി ബാധിച്ചിരിക്കുന്നു. ഇതിൽ ഏറ്റവും വലിയ പ്രഹരം ഏറ്റിരിക്കുന്നത് മാമ്പഴ കയറ്റുമതിക്കാണ്. ഓൾ പാക്കിസ്ഥാൻ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾസ് എക്സ്പോർട്ടേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, 2026-ൽ ഇതുവരെയുള്ള കാലയളവിൽ പാക്കിസ്ഥാനിൽ നിന്നുള്ള മൊത്തം മാമ്പഴ കയറ്റുമതിയിൽ 36 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് 1.23 ലക്ഷം ടണ്ണായിരുന്ന കയറ്റുമതി 78,000 ടണ്ണായി ചുരുങ്ങി.

പാക്കിസ്ഥാൻ മാമ്പഴത്തിന്റെ പ്രധാന വിപണിയായ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 36,000 ടണ്ണിൽ നിന്ന് 14,500 ടണ്ണിലേക്ക് കുത്തനെ ഇടിഞ്ഞു. യുദ്ധസമാനമായ സാഹചര്യം കാരണം കയറ്റുമതി വരുമാനം 10 കോടി ഡോളറിൽ നിന്ന് 6 കോടി ഡോളറായി കുറഞ്ഞെന്ന് അസോസിയേഷൻ തലവൻ വഹീദ് അഹമ്മദ് വ്യക്തമാക്കി. സംഘർഷത്തിന് മുൻപ് ചരക്കുനീക്കത്തിനായി 1000 മുതൽ 1400 ഡോളർ വരെ ചെലവായ സ്ഥാനത്ത്, നിലവിൽ അത് 8000 ഡോളർ വരെയായി ഉയർന്നതാണ് കയറ്റുമതിക്കാർക്ക് കനത്ത ബാധ്യതയായത്.

ലോകത്ത് ഏറ്റവും കൂടുതൽ മാമ്പഴം ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. രണ്ടാം സ്ഥാനത്തുള്ള രാജ്യത്തേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ ഉൽപാദനത്തിലെ ഈ ആധിപത്യം കയറ്റുമതിയിൽ പ്രതിഫലിക്കുന്നില്ല. ലോകത്തെ മാമ്പഴ ഉൽപാദന കണക്കുകൾ ഇങ്ങനെയാണ് (അളവ് മെട്രിക് ടണ്ണിൽ):

1. ഇന്ത്യ: 2.7 കോടി
2. ഇന്തൊനീഷ്യ: 41.36 ലക്ഷം
3. ചൈന: 40.75 ലക്ഷം
4. മെക്സിക്കോ: 26.50 ലക്ഷം
5. ബ്രസീൽ: 23.95 ലക്ഷം
6. പാക്കിസ്ഥാൻ: 19 ലക്ഷം

ഉൽപാദനത്തിൽ ഒന്നാമതാണെങ്കിലും എന്തുകൊണ്ട് ഇന്ത്യ കയറ്റുമതിയിൽ പിന്നിലാകുന്നു എന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. ആഗോള മാമ്പഴ ഉൽപാദനത്തിന്റെ ഏതാണ്ട് 40 ശതമാനവും ഇന്ത്യയിൽ നിന്നാണെങ്കിലും, ആഗോള കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് വെറും ഒരു ശതമാനം മാത്രമാണ്.

ഏകദേശം ആയിരത്തോളം വ്യത്യസ്ത മാമ്പഴ ഇനങ്ങൾ വിളയുന്ന മണ്ണാണ് ഇന്ത്യയുടേത്. എന്നാൽ ഇതിൽ വളരെ കുറച്ചു ഇനങ്ങൾ മാത്രമേ വാണിജ്യ ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നുള്ളൂ. ഉൽപാദിപ്പിക്കുന്നതിൽ ഭൂരിഭാഗം മാമ്പഴവും ആഭ്യന്തര വിപണിയിൽ തന്നെ ഉപഭോഗം ചെയ്യപ്പെടുന്നു എന്നുള്ളതാണ് കയറ്റുമതി കുറയാൻ കാരണം. ലോകത്തെ പ്രധാന മാമ്പഴ കയറ്റുമതി രാജ്യങ്ങൾ താഴെ പറയുന്നവയാണ് (അളവ് മെട്രിക് ടണ്ണിൽ):

1. മെക്സിക്കോ: 4 ലക്ഷം
2. തായ്‍ലൻഡ്: 3 ലക്ഷം
3. ബ്രസീൽ: 2.60 ലക്ഷം
4. പെറു: 2.50 ലക്ഷം
5. നെതർലൻഡ്സ്: 2.10 ലക്ഷം
6. പാക്കിസ്ഥാൻ: 1.25 ലക്ഷം

ഏകദേശം ഒരു ലക്ഷം മെട്രിക് ടൺ കയറ്റുമതിയുമായി ഇന്ത്യയും ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. യുഎഇ, യുകെ, യുഎസ്, നേപ്പാൾ ഉൾപ്പെടെ 150-ൽ അധികം രാജ്യങ്ങളിലേക്ക് ഇന്ത്യ മാമ്പഴം അയക്കുന്നുണ്ട്.

Fashion ⏭️

Back to top button