അസം മെഡിക്കൽ കോളജ് വിവാദ ഉത്തരവ് പിൻവലിച്ചു: പഠനകാലത്തെ വിവാഹ നിരോധനം നീക്കി

ന്യൂഡൽഹി ∙ മെഡിക്കൽ പിജി പഠനത്തിലിരിക്കെ വിദ്യാർഥികൾ വിവാഹിതരാകാൻ പാടില്ലെന്ന വിവാദപരമായ ഉത്തരവ് അസമിലെ ദിബ്രുഗഡ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ (എഎംസിഎച്ച്) അധികൃതർ റദ്ദാക്കി. പഠനവേളയിൽ വിവാഹം പോലുള്ള വ്യക്തിപരമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നിർദേശിച്ചുകൊണ്ട് ബുധനാഴ്ച മെഡിസിൻ വിഭാഗം പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
ഈ നടപടിക്കെതിരെ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ അധികൃതർ തീരുമാനം പിൻവലിക്കുകയായിരുന്നു. തങ്ങളുടെ ഉത്തരവ് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു എന്നാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം. പിജി മെഡിക്കൽ വിദ്യാർഥികൾക്ക് പ്രസവാവധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ ചട്ടങ്ങളിൽ വ്യക്തമാക്കുന്നത്. ഇതിന് തീർത്തും വിരുദ്ധമാണ് അസമിലെ സർക്കാർ മെഡിക്കൽ കോളജിന്റെ നടപടിയെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു.




