മദ്യം ആവശ്യപ്പെട്ട് തോക്കുചൂണ്ടി ഭീഷണി; മൂന്നുപേർ പിടിയിൽ

കൊച്ചി: മദ്യം വാങ്ങിത്തരണമെന്ന ആവശ്യം നിരസിച്ചതിന് യുവാവിനെ തോക്കുചൂണ്ടി വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബസ് ഉടമയടക്കം മൂന്നുപേരെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു. എടത്തല മുരിങ്ങാശേരിയിൽ യൂസഫ് (50), ചുണങ്ങംവേലി മനയിൽ വീട്ടിൽ ഷഫീഖ് (45), കൊടികുത്തുമല കൊട്ടിയാറയിൽ വിജുകുമാർ (46) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയോടെ എറണാകുളം ചുണങ്ങംവേലിയിലെ ബാറിനു മുൻപിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ബാറിന് പുറത്തുനിൽക്കുകയായിരുന്ന വാഴക്കുളം സൗത്ത് ഏഴിപ്രം സ്വദേശിയായ യുവാവിനെ സമീപിച്ച യൂസഫും ഷഫീഖും തങ്ങൾക്കായി മദ്യം വാങ്ങി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവാവ് ഇതിന് വിസമ്മതിച്ചതോടെ പ്രകോപിതനായ ബസ് ഉടമയായ യൂസഫ് തോക്കു പുറത്തെടുത്ത് യുവാവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇവർക്ക് കൃത്യത്തിനായി തോക്ക് എത്തിച്ചു നൽകിയത് വിജുകുമാറാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
പിന്നീട് നടത്തിയ പരിശോധനയിൽ യൂസഫിന്റെ കാറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന വടിവാൾ പോലീസ് പിടിച്ചെടുത്തു. പ്രതികൾ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്കും അതിലെ പെല്ലറ്റുകളും കൊച്ചിൻ ബാങ്ക് പരിസരത്തുള്ള ഗോഡൗണിൽ നിന്ന് പോലീസ് കണ്ടെടുത്തു. പിടിയിലായവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് അറിയിച്ചു. യൂസഫിനെതിരെ ആലുവ, എടത്തല, ചേരാനല്ലൂർ, നെടുമ്പാശേരി സ്റ്റേഷനുകളിലായി ഏഴ് കേസുകൾ നിലവിലുണ്ട്. ഷഫീഖിന് എടത്തല, കാസർഗോഡ് റെയിൽവേ, അമ്പലമേട് സ്റ്റേഷനുകളിലായി ആറ് കേസുകളും, വിജുകുമാറിനെതിരെ ആലുവ, നെടുമ്പാശേരി സ്റ്റേഷനുകളിൽ മൂന്ന് കേസുകളും നിലവിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.




