സ്റ്റാലിനെ തോൽപ്പിച്ച തമിഴ്നാട് മുൻ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു

ചെന്നൈ ∙ ടിവികെ നേതാവും എംഎൽഎയുമായ വി.എസ്. ബാബു അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ ഒൻപതിനാണ് ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ നിന്നും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയാണ് ബാബു ശ്രദ്ധേയനായത്. 8,795 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വിജയം. ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെ (ഡിഎംകെ) രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ബാബു, പാർട്ടിയുടെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2006-ൽ പുരസൈവാക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചുകൊണ്ട് ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം പിന്നീട് ഡിഎംകെയിൽ നിന്ന് പുറത്തുവരികയായിരുന്നു. 2026 ഫെബ്രുവരി മാസത്തിലാണ് അദ്ദേഹം തമിഴക വെട്രി കഴകത്തിൽ (ടിവികെ) ഔദ്യോഗികമായി അംഗത്വമെടുത്തത്.




