യങ് സ്കോളർ പരീക്ഷയ്ക്ക് ഹൈക്കോടതി അനുമതി; ഫലപ്രഖ്യാപനത്തിന് വിലക്ക്

കൊച്ചി: ബാലഗോകുലത്തിന്റെ മുഖപത്രമായ മയിൽപ്പീലിയും അധ്യാപക പരിഷത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ‘യങ് സ്കോളർ’ പരീക്ഷയുമായി മുന്നോട്ടുപോകാൻ ഹൈക്കോടതിയുടെ അനുമതി. നിശ്ചയിച്ച പ്രകാരം നവംബർ 22-ന് ജില്ലാതലത്തിൽ പരീക്ഷ നടത്തുന്നതിനാണ് കോടതി പച്ചക്കൊടി കാട്ടിയത്. അതേസമയം, പരീക്ഷാ ഫലങ്ങൾ പുറത്തുവിടാനോ സംസ്ഥാനതലത്തിൽ പരീക്ഷ സംഘടിപ്പിക്കാനോ പാടില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് കർശന നിർദേശം നൽകിയിട്ടുണ്ട്.
പരീക്ഷ നടത്തുന്നതിനെതിരെ സർക്കാർ ഉന്നയിച്ച വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്. ദേശീയ അധ്യാപക പരിഷത്തും (എൻടിയു) മയിൽപ്പീലി മാസികയും ചേർന്ന് നടത്തുന്ന ‘യങ് സ്കോളർ എക്സാം 2026’-ന് നേരത്തെ നൽകിയ അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർ റദ്ദാക്കിയിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്.




