HEALTH

തൈറോയ്ഡ് രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള വഴികൾ

രക്തപരിശോധനയിലൂടെ തൈറോയ്ഡ് രോഗം സ്ഥിരീകരിക്കുന്നതിന് ഏറെ നാളുകൾക്ക് മുമ്പുതന്നെ നമ്മുടെ ശരീരം അതിന് മുന്നോടിയായുള്ള പല സൂചനകളും നൽകുന്നുണ്ട്. തിരക്കേറിയ ജീവിതശൈലിയിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഇന്ന് മിക്കവരിലും, വിശിഷ്യാ സ്ത്രീകളിൽ കണ്ടുവരുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദവും ഉറക്കക്കുറവും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു. സ്ത്രീകളിൽ ആർത്തവചക്രം, ഗർഭകാലം, പ്രസവാനന്തര കാലഘട്ടം, ആർത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളിലൊക്കെ തൈറോയ്ഡ് സംബന്ധമായ വ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെ ആധിക്യവും ഇത്തരത്തിലുള്ള തൈറോയ്ഡ് തകരാറുകൾ കൂടുന്നതിന് കാരണമാകുന്നു.

തൈറോയ്ഡ് രോഗലക്ഷണങ്ങളെ കൃത്യമായി വേർതിരിച്ചറിയുക എന്നത് പലപ്പോഴും വെല്ലുവിളിയാണ്. അമിതമായ ക്ഷീണം, അകാരണമായ ശരീരഭാരം, മുടി കൊഴിച്ചിൽ, ചർമ്മത്തിലെ വരൾച്ച, ആർത്തവ ക്രമക്കേടുകൾ, പെട്ടെന്നുള്ള മാനസികാവസ്ഥാ മാറ്റങ്ങൾ എന്നിവയെല്ലാം ഇതിന്റെ സൂചനകളാകാം. എന്നിരുന്നാലും, ഈ ലക്ഷണങ്ങൾ മറ്റ് പല ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും സംഭവിക്കാവുന്നതിനാൽ ആളുകൾ ഇതിനെ ഗൗരവമായി കാണാറില്ല. ജോലിത്തിരക്കും പോഷകാഹാരക്കുറവും മൂലമുണ്ടാകുന്ന ക്ഷീണമായി ഇതിനെ തെറ്റിദ്ധരിക്കുകയും, കൂടുതൽ കോഫി കുടിച്ചും മറ്റും മുന്നോട്ട് പോകാനാണ് മിക്കവരും ശ്രമിക്കുന്നത്.

തൈറോയ്ഡ് തകരാറുകൾ തുടക്കത്തിൽ വളരെ നിശബ്ദമായാണ് ശരീരത്തിൽ പ്രകടമാകുന്നത്. എല്ലാം ശരിയായി പോകുന്നു എന്ന് തോന്നുമ്പോഴും ഉള്ളിന്റെ ഉള്ളിൽ എന്തോ അസ്വാഭാവികത അനുഭവപ്പെടാം. TSH, T3, T4 പരിശോധനാ ഫലങ്ങൾ സാധാരണ പരിധിക്ക് പുറത്താവുന്നതിന് വളരെ മുൻപേ തന്നെ ഇത്തരം സൂചനകൾ ശരീരം കാണിച്ച് തുടങ്ങും. ഈ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കാതെ തിരിച്ചറിഞ്ഞാൽ കൃത്യസമയത്ത് ചികിത്സ തേടാനും ഗുരുതരമായ ആരോഗ്യ സങ്കീർണ്ണതകൾ ഒഴിവാക്കാനും സാധിക്കും.

ശരീരത്തിന്റെ ഊർജ്ജ വിനിയോഗത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് തൈറോയ്ഡ്. ഭാരനിയന്ത്രണം മാത്രമല്ല, ഓരോ കോശത്തിന്റെയും പ്രവർത്തനക്ഷമതയും ഇതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഹാർവാർഡ് റിപ്പോർട്ട് പ്രകാരം, ഹൈപ്പോതൈറോയിഡിസം ചികിത്സിക്കാതെ വിട്ടാൽ അത് ഹൃദയമിടിപ്പ് കുറയുന്നതിനും കൊളസ്ട്രോൾ വർദ്ധിക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. കൂടാതെ, ദഹനപ്രക്രിയ മന്ദഗതിയിലാവുകയും സന്ധിവേദന, പേശീബലക്കുറവ് എന്നിവ അനുഭവപ്പെടുകയും ചെയ്യാം.

മറുവശത്ത്, ഹൈപ്പർതൈറോയിഡിസം ഹൃദയമിടിപ്പ് അമിതമായി വർദ്ധിപ്പിക്കാനും ശരീരഭാരം പെട്ടെന്ന് കുറയാനും അമിത വിയർപ്പ്, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ദഹനക്കേട് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനും ഇടയാക്കുന്നു. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ വിടുമ്പോൾ ശരീരം അതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ, ഒരു ഘട്ടം കഴിയുമ്പോൾ അസുഖം വർദ്ധിക്കുകയും അത് പൂർണ്ണമായി ഭേദമാക്കാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും. അതിനാൽ, ചെറിയ അസ്വസ്ഥതകൾ പോലും അവഗണിക്കാതെ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്.

Life Style ⏭️

Back to top button