NEWS

3000 ടൺ സ്വർണം പണയംവെച്ച് ഇന്ത്യ; ബ്രിട്ടനെയും മറികടന്ന് കേരള കമ്പനികൾ: എഫ്ജിഎൽഒസി രൂപീകരണം

കൊച്ചി∙ ഇന്ത്യയിലെ ബാങ്കുകളിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും (എൻബിഎഫ്സി) പണയപ്പെടുത്തിയിരിക്കുന്ന സ്വർണത്തിന്റെ അളവ് ഏകദേശം 3,000 ടണ്ണാണ്. ഇതിൽ 2,400 ടണ്ണോളം ബാങ്കുകളിലും ബാക്കി 600 ടൺ ധനകാര്യ സ്ഥാപനങ്ങളിലുമാണുള്ളത്. രാജ്യത്തെ മൊത്തം സ്വർണപ്പണയ വായ്പകളുടെ മൂല്യം 23.3 ലക്ഷം കോടി രൂപയാണെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രമുഖ ധനകാര്യ വിദഗ്ധർ വ്യക്തമാക്കി. മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, യോഗക്ഷേമം ലോൺസ് എംഡി ഐ. ഉണ്ണിക്കൃഷ്ണൻ, ഐഐഎഫ്എൽ ഫിനാൻസ് ഗോൾഡ് ലോൺസ് പ്രസിഡന്റ് ആൻഡ് ഹെഡ് മായങ്ക് ശർമ, എഫ്ജിഎൽഒസി സിഇഒ പിനാകി നാഥ് ബാനർജി, കൊശമറ്റം ഫിനാൻസ് ചീഫ് ബിസിനസ് ഓഫീസർ ജോർജ് തോമസ് എന്നിവരാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

ഈ തുകയിൽ 15 ലക്ഷം കോടി രൂപയിലധികവും ബാങ്കുകൾ വഴി നൽകിയ വായ്പകളാണ്. ബാക്കി തുകയാണ് എൻബിഎഫ്സികളിലുള്ളത്. കേരളത്തിൽ ആസ്ഥാനമുള്ള മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ കമ്പനികളുടെ കൈവശമുള്ള സ്വർണശേഖരം മാത്രം 400 ടണ്ണോളം വരും. ബ്രിട്ടൻ (310 ടൺ), സ്പെയിൻ (300 ടണ്ണിൽ താഴെ) തുടങ്ങിയ രാജ്യങ്ങളുടെ കരുതൽ സ്വർണശേഖരത്തേക്കാൾ വലുതാണ് കേരളത്തിലെ ഈ സ്ഥാപനങ്ങളുടെ സ്വർണശേഖരം എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ സ്വർണപ്പണയ കമ്പനികളുടെ കൂട്ടായ്മയായ ‘ഫെഡറേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ്’ (എഫ്ജിഎൽഒസി) രൂപീകരണവുമായി ബന്ധപ്പെട്ട കൊച്ചിയിലെ ഗോൾഡ് സമ്മിറ്റിലായിരുന്നു ഈ നിർണായക കണക്കുകൾ വെളിപ്പെടുത്തിയത്.

മ്യൂച്വൽ ഫണ്ട് മേഖലയിലെ ‘ആംഫി’ (AMFI) മാതൃകയിൽ, ഈ രംഗത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി ഒരു സ്വയംനിയന്ത്രിത സംഘടന (SRO) എന്ന ലക്ഷ്യത്തോടെയാണ് എഫ്ജിഎൽഒസി രൂപീകരിച്ചിരിക്കുന്നത്. ഇത് നിലവിൽ വരുമ്പോൾ മേഖലയിലെ കമ്പനികളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ചട്ടവിധേയവുമാകും. നിലവിൽ അൻപതോളം കമ്പനികൾ ഇതിന്റെ ഭാഗമാണ്, ഇത് രാജ്യത്തെ ഗോൾഡ് ലോൺ എൻബിഎഫ്സി മേഖലയിലെ മൊത്തം ആസ്തിയുടെ 80 ശതമാനത്തോളം വരും. പത്ത് വർഷം മുൻപ് മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന അജ്ഞത, ആംഫിയുടെ ബോധവൽക്കരണത്തിലൂടെ മാറിയത് പോലെ സമാനമായ മുന്നേറ്റമാണ് ഈ രംഗത്തും ലക്ഷ്യമിടുന്നതെന്ന് ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

നിലവിൽ വമ്പൻ കമ്പനികളാണ് ഇതിലുള്ളതെങ്കിലും, പ്രാദേശികമായി പ്രവർത്തിക്കുന്ന ഇടത്തരം കമ്പനികളെയും കൂട്ടായ്മയുടെ ഭാഗമാക്കും. ഇത്തരം ഒരു സംഘടനയുടെ സാന്നിധ്യം റിസർവ് ബാങ്കിന്റെ മേൽനോട്ട പ്രവർത്തനങ്ങൾ ലഘൂകരിക്കും. മേഖലയിലെ ചട്ടങ്ങൾ പാലിക്കാനും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും എഫ്ജിഎൽഒസി മുൻകൈ എടുക്കും. കമ്പനികൾ നേരിടുന്ന വെല്ലുവിളികൾ സംഘടന വഴി പരിഹരിക്കാൻ സാധിക്കുമെന്നതിനാൽ, ഓരോ തവണയും റിസർവ് ബാങ്കിനെ നേരിട്ട് സമീപിക്കേണ്ട സാഹചര്യവും ഒഴിവാകും.

സമ്മിറ്റിൽ എഫ്ജിഎൽഒസിയുടെ ലോഗോയും വെബ്സൈറ്റും ‘ദി ഗോൾഡൻ ബ്രിജ്’ എന്ന കോഫി ടേബിൾ ബുക്കും പ്രകാശനം ചെയ്തു. മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ്, മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ.മത്തായി, വിനോദ് കോത്താരി ആൻഡ് കൺസൾട്ടന്റ്സ് സ്ഥാപകൻ വിനോദ് കോത്താരി, ക്രിസിൽ റേറ്റിംഗ്സ് സീനിയർ ഡയറക്ടർ അജിത് വെലോനി, ക്രിഫ് റിസർച് ആൻഡ് ഇൻസൈറ്റ്സ് വൈസ് പ്രസിഡന്റ് ബി.അഭിരാമി, ഗൂഗിൾ ഇന്ത്യ പ്രതിനിധി ദീപാഞ്ചൻ ഭട്ടാചാര്യ, ഇകോൺസ് ഐടി സൊല്യൂഷൻ പ്രതിനിധി മിഥുൻ കദം, വോഡഫോൺ ഐഡിയ പ്രതിനിധി ജെ.വിജയസാരഥി തുടങ്ങിയവർ സമ്മിറ്റിൽ സംസാരിച്ചു.

Fashion ⏭️

Back to top button