സമൂഹമാധ്യമങ്ങളിൽനിന്ന് 15,627 പോസ്റ്റുകൾ നീക്കം ചെയ്തു; ലഭിച്ചത് 4,201 പരാതികൾ

തിരുവനന്തപുരം∙ യുഡിഎഫ് ഭരണകൂടം അധികാരമേറ്റെടുത്ത ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തത് 15,627 പോസ്റ്റുകളും ലിങ്കുകളുമെന്ന് സർക്കാർ വെളിപ്പെടുത്തി. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ ചോദ്യത്തിന് ആഭ്യന്തരമന്ത്രി നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഫോട്ടോകൾ ഉൾക്കൊള്ളുന്ന പോസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നുവെന്ന് മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസർക്കാരിന്റെ ‘സഹ്യോഗ്’ പോർട്ടൽ വഴി ലഭിച്ചതും അല്ലാത്തതുമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തതെന്ന് സർക്കാർ സഭയെ അറിയിച്ചു. ആകെ ലഭിച്ച 4,201 പരാതികളിൽ 3,472 എണ്ണത്തിൽ കൃത്യമായ നിയമനടപടികൾ സ്വീകരിക്കുകയും 15,627 പോസ്റ്റുകൾ നീക്കം ചെയ്യുകയും ചെയ്തുവെന്ന് സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുന്ന പോസ്റ്റുകൾ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് നീക്കം ചെയ്യുന്നതെന്ന തരത്തിൽ നേരത്തെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.




