ആഡംബര കാറുകളിൽ കറങ്ങി മോഷണം: കോടികൾ വിലമതിക്കുന്ന വീട് നിർമിക്കുന്നതിനിടെ സൈനുദ്ദീൻ സിസിടിവിയിൽ കുടുങ്ങി

മഞ്ചേരി∙ വസ്ത്രക്കച്ചവടക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് തുടർച്ചയായി മോഷണം നടത്തിവന്ന പ്രതി ഒടുവിൽ പൊലീസ് പിടിയിലായി. തേഞ്ഞിപ്പലം 14-ാം മൈൽ കിഴക്കേക്കോട്ടായി സ്വദേശി സൈനുദ്ദീൻ (43) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മഞ്ചേരി നഗരപരിധിയിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചായിരുന്നു ഇയാളുടെ മോഷണങ്ങൾ. വീട്ടുകാർ പുറത്തുപോയ തക്കം നോക്കി അകത്തുകയറി മോഷണം നടത്തുകയാണ് ഇയാളുടെ രീതി. തെളിവുകൾ പൂർണ്ണമായും നശിപ്പിച്ച ശേഷമേ അടുത്ത മോഷണത്തിനുള്ള പദ്ധതികൾ ഇയാൾ ആസൂത്രണം ചെയ്യാറുള്ളൂ. കവർച്ചയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഒരു പ്രദേശത്ത് മോഷണം നടത്തിയാൽ ഉടൻ മറ്റൊരു ജില്ലയിലേക്ക് താവളം മാറ്റി സുഖജീവിതം തുടരുന്നതായിരുന്നു ഇയാളുടെ ശൈലി. സൈനുദ്ദീനും സഹോദരിയും കുടുംബാംഗങ്ങളും മഞ്ചേരി, രാമൻകുളം, കാവനൂർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു.




