HEALTH

ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവിന്റെ കണ്ണുകൾ പൂച്ചയുടേതുപോലെയായി

വാഷിങ്ടൺ: തലച്ചോറിൽ നടത്തിയ ശസ്ത്രക്രിയയെത്തുടർന്ന് ഇരുപത്തിയെട്ടു വയസ്സുകാരനായ കാൾ എന്ന യുവാവിനുണ്ടായ വിചിത്രമായ കാഴ്ചാവൈകല്യം വൈദ്യശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. താൻ കാണുന്ന മനുഷ്യരുടെയെല്ലാം കണ്ണുകൾ പൂച്ചയുടേതുപോലെ തോന്നുന്ന അപൂർവമായ അവസ്ഥയിലാണ് അദ്ദേഹം. ലോകത്ത് വളരെ ചുരുക്കം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ പ്രതിഭാസം ഇപ്പോൾ ഗവേഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

രാവിലെ ഉറക്കമുണർന്ന ശേഷം കാൾ ആദ്യം കാണുന്നത് തന്റെ വളർത്തുപൂച്ചയായ ലൂണയെ ആണെങ്കിൽ, പിന്നീട് കാണുന്ന മനുഷ്യരുടെ മുഖങ്ങളിലെല്ലാം പൂച്ചയുടെ സവിശേഷതകൾ നിഴലിക്കും. നേരെമറിച്ച്, ആദ്യം കാണുന്നത് മനുഷ്യരെയാണെങ്കിൽ, പൂച്ചയുടെ മുഖത്ത് മനുഷ്യന്റെ കണ്ണിന്റെയും മറ്റും ലക്ഷണങ്ങൾ തെളിഞ്ഞുവരും. മണിക്കൂറുകളോളമോ ചിലപ്പോൾ ഒരു ദിവസം മുഴുവനോ ഈ കാഴ്ചാമാറ്റം നീണ്ടുനിൽക്കാറുണ്ട്.

മുഖങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന തലച്ചോറിലെ ഭാഗത്തുണ്ടായ തകരാറാണ് ഇതിന് കാരണമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. തലച്ചോറിലെ അസാധാരണമായ രക്തക്കുഴലുകൾ നീക്കം ചെയ്യുന്നതിനായി വലതുഭാഗത്തെ ടെംപറൽ ലോബിൽ ശസ്ത്രക്രിയ നടത്തിയതിനു ശേഷമാണ് യുവാവിന് ഇത്തരമൊരു അനുഭവം തുടങ്ങിയത്. മുഖങ്ങൾ തിരിച്ചറിയുന്നതിൽ നിർണായക പങ്കുവഹിക്കുന്ന മസ്തിഷ്കഭാഗമാണിത്. കഴിഞ്ഞ രണ്ടു വർഷമായി ഈ അവസ്ഥ തുടരുകയാണെന്ന് യുവാവ് പറയുന്നു.

വൈദ്യശാസ്ത്രപരമായി ‘പ്രോസോപോമെറ്റാമോർഫോപ്സിയ’ എന്നാണ് ഈ കാഴ്ചാവൈകല്യം അറിയപ്പെടുന്നത്. മനുഷ്യമുഖങ്ങൾ വികൃതമായി തോന്നുക, രൂപമാറ്റം സംഭവിക്കുക, മുഖത്തിന്റെ ആകൃതിയിലും ചർമത്തിന്റെ ഘടനയിലും നിറത്തിലും മാറ്റങ്ങൾ അനുഭവപ്പെടുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കാളിന്റെ കാര്യത്തിൽ ‘പാലിനോപ്സിയ’ എന്ന പ്രതിഭാസവും ഇതിനൊപ്പം ചേരുന്നുണ്ട്. ഇതിനർത്ഥം, നേരത്തേ കണ്ട ഒരു ദൃശ്യത്തിന്റെ അംശങ്ങൾ പിന്നീട് കാണുന്നവയിൽ വീണ്ടും തെളിഞ്ഞുവരിക എന്നതാണ്.

തലച്ചോറിൽ മുൻപേ പതിഞ്ഞ മുഖങ്ങളുടെ ഓർമകൾ സജീവമാവുകയും അത് നിലവിൽ കാണുന്ന ദൃശ്യങ്ങളുമായി കൂടിക്കലരുകയും ചെയ്യുന്നതാകാം ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. കാളിന്റെ ഈ അനുഭവം മറ്റുള്ളവർക്കും മനസ്സിലാക്കിക്കൊടുക്കുന്നതിനായി ഡാർട്ട്മൗത്ത് കോളജിലെ ഗവേഷകർ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ തയ്യാറാക്കിയിരുന്നു. സമാനമായ രീതിയിൽ മുഖവൈകല്യങ്ങൾ അനുഭവിക്കുന്ന ഇരുനൂറ്റമ്പതിലേറെ പേരെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഗവേഷണ സംഘം കൂട്ടിച്ചേർത്തു.

Life Style ⏭️

Back to top button