ആഘോഷങ്ങളിലെ മധുരം; രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലം ഉയർത്തുമോ?

വിശേഷദിവസങ്ങളിലും ആഘോഷവേളകളിലും മധുരപലഹാരങ്ങളും പഞ്ചസാര ചേർത്ത പാനീയങ്ങളും കാർബോഹൈഡ്രേറ്റ് ഉയർന്ന ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് പ്രമേഹരോഗികൾക്കിടയിൽ കണ്ടുവരുന്ന ശീലമാണ്. കുറച്ചുനാൾ ഇങ്ങനെ കഴിച്ചാലും ക്രമമായ ഭക്ഷണശീലത്തിലേക്ക് തിരിച്ചെത്തിയാൽ രക്തത്തിലെ ഗ്ലൂക്കോസ് നില വേഗത്തിൽ പഴയപടിയാകുമെന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ, പഴയ രീതിയിലേക്ക് മടങ്ങിയിട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതെ നിൽക്കുകയോ അനിയന്ത്രിതമായ മാറ്റങ്ങൾക്ക് വിധേയമാവുകയോ ചെയ്യുമ്പോഴാണ് പലരും ഇതിന്റെ ഗൗരവം തിരിച്ചറിയുന്നത്.
പ്രമേഹം ബാധിച്ചവർക്കും അത് വരാൻ സാധ്യതയുള്ളവർക്കും ഇത്തരം സാഹചര്യങ്ങളിൽ ഗ്ലൂക്കോസ് നില വർധിച്ചേക്കാം. എന്നാൽ എല്ലാവരിലും ഈ പ്രതികരണം ഒരേപോലെ ഉണ്ടാകണമെന്നില്ല. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ മാത്രമാണ് ഇതിന് കാരണമെന്ന് കരുതരുത്; ഗ്ലൂക്കോസ് അളവ് തുടർച്ചയായി ഉയർന്നുകാണുന്നുണ്ടെങ്കിൽ കൃത്യമായ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.
മധുരം കഴിക്കുമ്പോൾ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
നാം കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് ദഹനപ്രക്രിയയിലൂടെ ഗ്ലൂക്കോസായി മാറി രക്തത്തിലെത്തുന്നു. പാൻക്രിയാസ് പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഈ ഗ്ലൂക്കോസിനെ ഊർജമായി ഉപയോഗിക്കാനും ബാക്കിയുള്ളതിനെ സംഭരിക്കാനും സഹായിക്കുന്നു. ആരോഗ്യകരമായ ശരീരത്തിൽ ഈ പ്രക്രിയയിലൂടെ ഗ്ലൂക്കോസ് നില സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. ഭക്ഷണശേഷം ഗ്ലൂക്കോസ് ഉയരുന്നത് സ്വാഭാവികമാണെങ്കിലും, അത് എത്രത്തോളം ഉയരണമെന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെയും ഇൻസുലിൻ പ്രവർത്തനത്തെയുമാണ് ആശ്രയിച്ചിരിക്കുന്നത്.
തുടർച്ചയായി കലോറിയും പഞ്ചസാരയും അധികമായി കഴിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കാം. ഇത് കരളിൽ കൊഴുപ്പ് അടിയാനും ഇൻസുലിൻ പ്രതിരോധം വർധിക്കാനും കാരണമായേക്കാം. എന്നിരുന്നാലും, ആരോഗ്യവാന്മാരിൽ അമിത ഭക്ഷണം പെട്ടെന്ന് ഗ്ലൂക്കോസ് നിയന്ത്രണത്തെ തകിടം മറിക്കുമെന്ന് പറയാനാകില്ല. ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്ത രീതിയിലാണ് ഇതിനോട് പ്രതികരിക്കുന്നത്.
ആരാണ് കൂടുതൽ അപകടസാധ്യതയിലുള്ളത്?
പ്രമേഹപൂർവാവസ്ഥയിലുള്ളവർക്ക് ഗ്ലൂക്കോസ് നിയന്ത്രിക്കുന്നത് വെല്ലുവിളിയാണ്. ഇൻസുലിൻ പ്രതിരോധം ഉള്ളവരിൽ അമിത ഭക്ഷണം അവസ്ഥ കൂടുതൽ സങ്കീർണമാക്കും. പ്രമേഹബാധിതർ കാർബോഹൈഡ്രേറ്റ് അമിതമായി കഴിക്കുന്നതും, മരുന്നുകളിലും ഇൻസുലിൻ ഉപയോഗത്തിലും വരുത്തുന്ന വീഴ്ചകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം ഉയർത്താം. ഇത്തരം ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കാൻ മടിക്കരുത്.
ജീവിതശൈലിയും ഭക്ഷണശീലവും
ആഘോഷങ്ങൾക്കൊപ്പം ശാരീരിക അധ്വാനം കുറയുന്നതും ഉറക്കത്തിന് തടസ്സം നേരിടുന്നതും പതിവാണ്. മാനസിക സമ്മർദം, രോഗാവസ്ഥകൾ എന്നിവയും ഗ്ലൂക്കോസ് നിലയെ സ്വാധീനിച്ചേക്കാം. മധുരം ഒഴിവാക്കിയാലും ചോറ്, ഉരുളക്കിഴങ്ങ്, ബ്രഡ് തുടങ്ങിയ കാർബോഹൈഡ്രേറ്റ് നിറഞ്ഞ ഭക്ഷണങ്ങൾ അമിതമായാൽ ഗുണമുണ്ടാകില്ല. ശർക്കര, തേൻ, ബ്രൗൺ ഷുഗർ എന്നിവയും പഞ്ചസാരയ്ക്ക് തുല്യമായ കാർബോഹൈഡ്രേറ്റ് ഉറവിടങ്ങളാണ്; അതിനാൽ ഇവ ഉപയോഗിക്കുന്നത് കൊണ്ട് പഞ്ചസാര നിയന്ത്രണത്തിൽ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാകില്ല.
ആരോഗ്യകരമായ ശീലങ്ങളിലേക്ക് തിരിച്ചെത്താൻ
പച്ചക്കറികൾ, പരിപ്പ് വർഗങ്ങൾ, മത്സ്യം, മുട്ട, തൈര് എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. പഞ്ചസാര ചേർത്ത പാനീയങ്ങൾക്ക് പകരം വെള്ളം കുടിക്കാനും ജ്യൂസുകൾ ഒഴിവാക്കി പഴങ്ങൾ നേരിട്ട് കഴിക്കാനും ശ്രദ്ധിക്കുക. ഡിറ്റോക്സ് ഡയറ്റുകളോ കഠിനമായ ഉപവാസങ്ങളോ പരീക്ഷിക്കരുത്. ഭക്ഷണശേഷം അൽപനേരം നടക്കുന്നത് നല്ലതാണ്. കൂടാതെ കൃത്യമായ ഉറക്കവും ജലാംശവും നിലനിർത്തണം. എന്നാൽ ഓർക്കുക, വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനോ മരുന്നുകൾക്ക് പകരമായോ പ്രവർത്തിക്കില്ല.
അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, പെട്ടെന്നുള്ള ശരീരഭാരക്കുറവ്, ഗ്ലൂക്കോസ് നിലയിലെ വർധനവ് എന്നിവ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. ഛർദി, വയറുവേദന, അമിത ഉറക്കം, മൂത്രത്തിലോ രക്തത്തിലോ കെറ്റോണിന്റെ സാന്നിധ്യം എന്നിവ അടിയന്തര ശ്രദ്ധ ആവശ്യമുള്ള ലക്ഷണങ്ങളാണ്. ആഘോഷങ്ങൾ കഴിഞ്ഞാൽ പഴയ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് വേഗത്തിൽ മടങ്ങുക. അതിനുശേഷവും പഞ്ചസാരയുടെ അളവ് ഉയർന്നുകാണുകയാണെങ്കിൽ കൃത്യമായ പരിശോധനയിലൂടെ യഥാർഥ കാരണം കണ്ടെത്തി ചികിത്സ സ്വീകരിക്കേണ്ടതാണ്.




