സ്തനാർബുദ പരിശോധനകൾ: മാമോഗ്രാം, അൾട്രാസൗണ്ട്, എംആർഐ എന്നിവയിലെ വ്യത്യാസങ്ങൾ

സ്തന പരിശോധനയുടെ ഭാഗമായി മാമോഗ്രാം, അൾട്രാസൗണ്ട്, എം.ആർ.ഐ തുടങ്ങിയ സ്കാനിങ് രീതികളിൽ ഏതാണ് ഒരാൾക്ക് അനുയോജ്യമെന്ന് തീരുമാനിക്കുന്നത് എങ്ങനെയാണ്? ഓരോ പരിശോധനയ്ക്കും അതിന്റേതായ പ്രത്യേകതകളും ലക്ഷ്യങ്ങളുമുണ്ട്. അപ്പോളോ അഥീന വിമൻസ് കാൻസർ സെന്ററിലെ വിമൻസ് ഇമേജിങ് വിഭാഗം പ്രിൻസിപ്പൽ ലീഡ് ഡോ. ജ്യോതി അറോറയുടെ അഭിപ്രായത്തിൽ, സ്ത്രീയുടെ പ്രായം, സ്തനങ്ങളിലെ കലകളുടെ സാന്ദ്രത, വ്യക്തിപരമായ ആരോഗ്യ പശ്ചാത്തലം, നിലവിലുള്ള ശാരീരിക ലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് വൈദ്യശാസ്ത്രം ഉചിതമായ പരിശോധന നിർദേശിക്കുന്നത്.
സ്തനാർബുദം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാനായി ഉപയോഗിക്കുന്ന ലോ-ഡോസ് എക്സ്-റേ സംവിധാനമാണ് മാമോഗ്രാം. സ്തനകലകളിൽ രൂപപ്പെടുന്ന ‘മൈക്രോകാൽസിഫിക്കേഷൻസ്’ അഥവാ അതിസൂക്ഷ്മമായ കാൽസ്യം നിക്ഷേപങ്ങൾ കണ്ടെത്താൻ ഇതിലൂടെ സാധിക്കും. പലപ്പോഴും കൈകൊണ്ട് സ്പർശിച്ച് തിരിച്ചറിയാൻ കഴിയാത്ത അർബുദത്തിന്റെ ആദ്യ സൂചനകൾ പോലും ഈ പരിശോധനയിലൂടെ നേരത്തേ കണ്ടെത്താൻ സാധിക്കുമെന്ന് വിവിധ ആഗോള പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 40 മുതൽ 74 വയസ്സുവരെയുള്ള സ്ത്രീകളിൽ മരണനിരക്ക് കുറയ്ക്കാൻ മാമോഗ്രാം വലിയ പങ്കുവഹിക്കുന്നുണ്ട്. എങ്കിലും സ്തനങ്ങളിലെ ഉയർന്ന സാന്ദ്രത (Dense Breasts) മാമോഗ്രാമിന്റെ കൃത്യതയെ ബാധിക്കാറുണ്ട്. മാമോഗ്രാമിൽ കൊഴുപ്പുള്ള ഭാഗങ്ങൾ കറുപ്പുനിറത്തിലും, ഗ്രന്ഥികളും പേശീകലകളും അർബുദ മുഴകളും വെളുപ്പുനിറത്തിലുമാണ് തെളിയുക. അതിനാൽ, സാന്ദ്രത കൂടിയ സ്തനകലകൾക്കിടയിൽ അർബുദം ഒളിഞ്ഞിരിക്കുകയാണെങ്കിൽ അത് തിരിച്ചറിയാൻ പ്രയാസമായിരിക്കും. ഇതിനൊരു പരിഹാരമായി ഡോ. അറോറ നിർദേശിക്കുന്നത് 3ഡി മാമോഗ്രാം അഥവാ ടോമോസിന്തസിസ് ആണ്. സ്തനങ്ങളെ നേർത്ത പാളികളായി ചിത്രീകരിക്കുന്നതിനാൽ ഒളിഞ്ഞിരിക്കുന്ന മുഴകൾ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
ശബ്ദതരംഗങ്ങൾ ഉപയോഗിക്കുന്ന അൾട്രാസൗണ്ട് പരിശോധനയിൽ റേഡിയേഷൻ തീരെയില്ലാത്തതിനാൽ ഗർഭിണികൾക്കും ചെറുപ്പക്കാരായ സ്ത്രീകൾക്കും ഇത് ഏറെ സുരക്ഷിതമാണ്. സ്തനങ്ങളിലെ മുഴകൾ ദ്രാവകം നിറഞ്ഞ സിസ്റ്റുകളാണോ അതോ ഖരരൂപത്തിലുള്ള മുഴകളാണോ എന്ന് വേർതിരിച്ചറിയാൻ ഇത് അത്യന്താപേക്ഷിതമാണ്. 30-40 വയസ്സിൽ താഴെയുള്ളവരിൽ സ്തനങ്ങളിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ പ്രാഥമിക പരിശോധനയായി ഡോക്ടർമാർ അൾട്രാസൗണ്ട് നിർദേശിക്കാറുണ്ട്. ബയോപ്സി ചെയ്യുമ്പോൾ സൂചി കൃത്യമായ സ്ഥാനത്ത് എത്തിക്കാൻ സഹായിക്കുന്നതും അൾട്രാസൗണ്ട് ഗൈഡൻസാണ്. എന്നാൽ, കാൽസ്യം നിക്ഷേപങ്ങൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടും പരിശോധന നടത്തുന്ന ആളുടെ വൈദഗ്ധ്യത്തിനനുസരിച്ചുള്ള ഫലമാറ്റങ്ങളും ഇതിന്റെ പരിമിതികളാണ്.
ഏറ്റവും വിശദമായ പരിശോധനാ രീതിയാണ് മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് അഥവാ എം.ആർ.ഐ. ശക്തമായ കാന്തികശക്തിയും റേഡിയോ തരംഗങ്ങളും ഇതിനായി ഉപയോഗിക്കുന്നു. സ്തനങ്ങളിലെ രക്തയോട്ടം നിരീക്ഷിക്കാൻ കോൺട്രാസ്റ്റ് ഡൈ ഉപയോഗിക്കുന്നതിനാൽ, സാധാരണ മുഴകളിൽ നിന്ന് വ്യത്യസ്തമായി അർബുദ കോശങ്ങളെ വേർതിരിച്ചറിയാൻ എം.ആർ.ഐയ്ക്ക് കഴിയും. ഉയർന്ന പാരമ്പര്യ സാധ്യതയുള്ളവർക്കും, ബി.ആർ.സി.എ (BRCA) ജീൻ മാറ്റങ്ങളുള്ളവർക്കും ഈ പരിശോധന ഏറെ ഫലപ്രദമാണ്. രോഗം സ്ഥിരീകരിച്ചവരിൽ അതിന്റെ വ്യാപനം മനസ്സിലാക്കാനും, ശസ്ത്രക്രിയയ്ക്ക് മുൻപുള്ള ആസൂത്രണങ്ങൾക്കും ഇത് സഹായിക്കുന്നു. എങ്കിലും ചെലവ്, സമയം എന്നിവയും, വൃക്ക സംബന്ധമായ അസുഖമുള്ളവർക്കും ഇംപ്ലാന്റുകൾ ഉള്ളവർക്കും ഇത് അനുയോജ്യമല്ലാത്തതും ഇതിന്റെ വെല്ലുവിളികളാണ്.
പലപ്പോഴും രോഗികൾ സ്വയം ഒരു പരിശോധന ഉറപ്പിക്കാൻ ശ്രമിക്കാറുണ്ട്, ഇത് ഒഴിവാക്കണം. 40 വയസ്സിന് മുകളിൽ മാമോഗ്രാം പതിവാക്കുമ്പോൾ, അതിന് താഴെയുള്ളവരിൽ അൾട്രാസൗണ്ട് ആവശ്യമായി വരാം. ഉയർന്ന റിസ്ക് ഉള്ളവർക്ക് എം.ആർ.ഐ നിർദേശിച്ചേക്കാം. രോഗത്തിന്റെ തീവ്രതയനുസരിച്ച് ചിലപ്പോൾ മൂന്ന് പരിശോധനകളും വേണ്ടിവന്നേക്കാം. ഡോ. ജ്യോതി അറോറ ഓർമ്മിപ്പിക്കുന്നത് ഇതാണ്: “ആധുനികമായ എല്ലാ സ്കാനിങ്ങും എല്ലാവർക്കും ആവശ്യമില്ല. കുടുംബത്തിലെ രോഗചരിത്രം ഡോക്ടറോട് തുറന്നുപറയുകയും, സ്തനങ്ങളിലെ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുക. മുലക്കണ്ണിൽ നിന്നുള്ള സ്രവം, ചർമത്തിലെ അസ്വാഭാവികത, പുതിയ മുഴകൾ എന്നിവ കണ്ടാൽ എത്രയും വേഗം ഡോക്ടറെ സമീപിച്ച് അനുയോജ്യമായ പരിശോധന നടത്തുക.”




