വൃശ്ചികപ്പുലരി: ശബരിമലയിൽ ഭക്തജനത്തിരക്ക്, നിലയ്ക്കലിൽ ഗതാഗത ക്രമീകരണം

സന്നിധാനം ∙ വൃശ്ചികം ഒന്നിന് അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജനപ്രവാഹം. ശരണംവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ, ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്ക് പുതിയ മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരി നടതുറന്നതോടെ തീർഥാടനത്തിന് ഉണർവായി. സന്നിധാനത്ത് ഭക്തരുടെ വലിയ തിരക്കാണ് ഇപ്പോൾ ദൃശ്യമാകുന്നത്. വെർച്വൽ ക്യൂ വഴി മാത്രം അറുപതിനായിരത്തിലധികം പേർ ദർശനത്തിനായി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. നിലയ്ക്കലിലെ സ്പോട് ബുക്കിങ് സൗകര്യം വഴി എത്തുന്നവരും നിരവധിയാണ്. എന്നാൽ ഇത്തവണ പമ്പയിൽ സ്പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. കൂടാതെ, കാനനപാതയിലൂടെ കാൽനടയായി എത്തുന്ന അയ്യപ്പഭക്തരും ദർശനത്തിനായി എത്തിത്തുടങ്ങിയിട്ടുണ്ട്.
പതിനെട്ടാം പടിയിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി മിനിറ്റിൽ 75 മുതൽ 80 പേരെ വരെ കടത്തിവിടാനാണ് പൊലീസിന് നൽകിയിട്ടുള്ള കർശന നിർദേശം. ഇതിനായി പ്രത്യേകമായി ഇരുനൂറ്റമ്പത് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്; ഓരോ പതിനഞ്ച് മിനിറ്റിലും ഇവർ ഡ്യൂട്ടി മാറുന്ന രീതിയിലാണ് ക്രമീകരണം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരാണ് പമ്പയിൽ തമ്പടിക്കുന്നതിലേറെയും. ഇവർക്ക് വിശ്രമിക്കാനായി വിപുലമായ സൗകര്യങ്ങളോടുകൂടിയ മൂന്ന് വലിയ പന്തലുകൾ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, തീർഥാടനം തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ തന്നെ പമ്പാ നദീതീരത്ത് വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമായി മാറുന്നതിൽ ആശങ്ക ഉയരുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പയിൽ മാത്രം ആയിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.




