ഉമ്മൻ ചാണ്ടിക്കെതിരായ വ്യാജ പീഡന പരാതിയും ആരോഗ്യപ്രശ്നങ്ങളും: വെളിപ്പെടുത്തലുമായി കുടുംബം

കൊട്ടാരക്കര ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ തട്ടിപ്പ് കേസിലെ പ്രതി ഉന്നയിച്ച വ്യാജ പീഡനാരോപണം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ വല്ലാതെ തളർത്തിയെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി പി.എസ്.ശ്രീകുമാർ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വ്യക്തമാക്കി. സോളാർ അന്വേഷണ കമ്മീഷന് മുൻപിൽ പരാതിക്കാരി സമർപ്പിച്ച കത്തിൽ നാല് പേജുകൾ അധികമായി കൂട്ടിച്ചേർത്തതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അഭിഭാഷകരായ സുധീർ ജേക്കബ്, ജോളി അലക്സ് എന്നിവർ വഴി ഫയൽ ചെയ്ത ഹർജിയിലാണ് ഈ മൊഴി രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി സോളാർ പരാതിക്കാരിയും, രണ്ടാം പ്രതി കെ.ബി.ഗണേഷ് കുമാറുമാണ്.
കോടതി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സമയത്ത് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. ഈ വാർത്ത അറിഞ്ഞപ്പോൾ ‘സത്യം വെളിപ്പെട്ടല്ലോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന് ശ്രീകുമാർ കോടതിയിൽ മൊഴി നൽകി. മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയവും കോടതിയിൽ ഹാജരായി മൊഴി രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടിയുമായി ദീർഘകാലത്തെ സൗഹൃദമുണ്ടെന്നും, വ്യാജ ആരോപണങ്ങൾ അദ്ദേഹത്തെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം 17-ലേക്ക് കോടതി മാറ്റി.




