NEWS

കേരളത്തിൽ നെല്ലുവരവ് കുറഞ്ഞു: അരിക്ഷാമ ഭീഷണിയിൽ വിപണി; ബിരിയാണി അരിയും കിട്ടാനില്ല

പാലക്കാട് ∙ അതിരൂക്ഷമായ വരൾച്ചയെത്തുടർന്ന് തമിഴ്നാട്ടിലും കർണാടകയിലും നെൽകൃഷി വ്യാപകമായി നശിച്ചത് കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ ആശങ്കയിലാക്കുന്നു. അയൽസംസ്ഥാനങ്ങളിൽ ഉൽപാദനം ഇടിഞ്ഞതോടെ, കേരളത്തിലേക്കുള്ള അരി വിതരണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകിയതായി മില്ലുടമകൾ വെളിപ്പെടുത്തി. നിലവിൽതന്നെ നെല്ലിന്റെ വരവ് നാലിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ ഇത് കൂടുതൽ താഴുമെന്നുമാണ് റിപ്പോർട്ടുകൾ.

വർഷത്തിൽ 40 ലക്ഷം മെട്രിക് ടൺ അരി ആവശ്യമായ കേരളത്തിൽ, ആഭ്യന്തര ഉൽപാദനം വെറും 5 ലക്ഷം മെട്രിക് ടൺ മാത്രമാണ്. ഈ സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള നെല്ലിന്റെ ലഭ്യതയിലുണ്ടാകുന്ന കുറവ് സംസ്ഥാനത്തെ രൂക്ഷമായ അരിക്ഷാമത്തിലേക്ക് നയിച്ചേക്കും. കേരളീയരുടെ പ്രിയപ്പെട്ട മട്ട അരി പ്രധാനമായും ലഭ്യമാക്കിയിരുന്നത് തമിഴ്നാട്ടിൽനിന്നാണ്. എന്നാൽ അവിടുത്തെ മഴക്കുറവ് കൃഷിയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. വിളവെടുപ്പിൽ 28 ശതമാനത്തോളം കുറവുണ്ടായതിനു പുറമെ, കതിരുകൾ പാൽറയ്ക്കുന്ന സമയത്തുണ്ടായ അമിതചൂട് നെല്ലിന്റെ ഗുണമേന്മയെയും അളവിനെയും ഗണ്യമായി ബാധിച്ചിട്ടുണ്ട്.

Fashion ⏭️

Back to top button