NEWS

ചാല സ്വർണക്കവർച്ച: നന്ദകുമാറിനെ ലക്ഷ്യമിട്ട ആസൂത്രിത നീക്കം പാളിയത് ജ്വല്ലറി നേരത്തേ അടച്ചതിനാൽ

തിരുവനന്തപുരം ∙ സിനിമകളെപ്പോലും നാണിപ്പിക്കുന്ന തിരക്കഥയാണ് ചാലയിലെ സ്വർണ കവർച്ചാക്കേസിന് പിന്നിലുള്ളത്. മദ്യലഹരിയിൽ തമാശരൂപേണ ഉടലെടുത്ത ഒരു ആശയം പിന്നീട് കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കുകയായിരുന്നു. സംഭവത്തിന് രണ്ടുനാൾ മുൻപ് മോഷണത്തിന് ഇവർ ശ്രമം നടത്തിയിരുന്നെങ്കിലും, ജ്വല്ലറി ഉടമ നന്ദകുമാർ അന്ന് നേരത്തെ തന്നെ കടയടച്ച് മടങ്ങിയതിനാൽ ആ ശ്രമം പാളിപ്പോയി. അതൊരു ട്രയൽ റൺ ആയിരുന്നുവോയെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.

കവർച്ച നടന്ന ദിവസം രാത്രി പത്തര കഴിഞ്ഞാണ് നന്ദകുമാർ കടയിൽ നിന്ന് പുറത്തിറങ്ങിയത്. പ്രതിപ്പട്ടികയിലുള്ള അമോൽ, അന്നേദിവസം സ്വർണം വിൽക്കാനെന്ന വ്യാജേന നന്ദകുമാറിന്റെ സ്ഥാപനത്തിലെത്തിയിരുന്നു. നന്ദകുമാറിന്റെ കടയടയ്ക്കുന്ന സമയം മനഃപൂർവം വൈകിപ്പിച്ചത് അമോലായിരുന്നുവെന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ദിവസവും കടയടച്ച് മടങ്ങുമ്പോൾ നന്ദകുമാർ വലിയ അളവിൽ സ്വർണം കൈവശം വെക്കാറുണ്ടായിരുന്നു എന്നത് പ്രതികൾ നേരത്തെ മനസ്സിലാക്കിയിരുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള ദിവസങ്ങളിലും ഇവർ നിരീക്ഷണം തുടർന്നു. നന്ദകുമാറിന്റെ യാത്രാ സമയം, പതിവായി സഞ്ചരിക്കുന്ന വഴികൾ, തിരക്ക് കുറവുള്ള പ്രദേശങ്ങൾ, സിസിടിവി ക്യാമറകളുടെ സാന്നിധ്യമില്ലാത്ത ഇടങ്ങൾ എന്നിവയെല്ലാം പ്രതികൾ കൃത്യമായി പഠിച്ചുവെച്ചിരുന്നു. ചാല മാർക്കറ്റിന്റെ ഓരോ മുക്കും മൂലയും വ്യക്തമായി അറിയാവുന്നയാളാണ് കേസിലെ മുഖ്യപ്രതിയായ അനൂപ് രാജെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

അമോലിനെ കസ്റ്റഡിയിലെടുത്ത ഘട്ടത്തിൽ, ജയറാമിന് ഈ സംഭവത്തിൽ പങ്കില്ലെന്ന പ്രതീതി സൃഷ്ടിക്കാൻ സിറ്റി പോലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണ തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്. താൻ കുറ്റം സമ്മതിക്കില്ലെന്നും അമോൽ തന്റെ പങ്കാളിയാണെന്ന് വെളിപ്പെടുത്തില്ലെന്നുമാണ് ജയറാം കരുതിയിരുന്നത്. എന്നാൽ, ഇരുവരും വലയിലായതോടെ ഗൂഢാലോചനയുടെ ചുരുളുകൾ അഴിഞ്ഞു. തുടർന്നാണ് ജയറാമിന്റെ പങ്കും വ്യക്തമായി പുറത്തുവന്നത്.

Fashion ⏭️

Back to top button