25 വർഷത്തിനുള്ളിൽ ആറാം സാമ്പത്തിക ശക്തിയാകുമെന്ന ഷെഹബാസ് ഷരീഫിന്റെ പ്രഖ്യാപനവും ഇന്ത്യയുടെ സ്ഥാനവും

പ്രതീക്ഷിച്ചതിലും ഇരുപത്തിയഞ്ച് വർഷം മുൻപേ ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി പാക്കിസ്ഥാൻ മാറുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇസ്ലാമാബാദിൽ നടന്ന ‘പാക്കിസ്ഥാൻ മിനറൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം-2026’ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ധനകാര്യ ഭീമന്മാരായ ഗോൾഡ്മാൻ സാക്സ് നേരത്തെ പുറത്തുവിട്ട റിപ്പോർട്ടിൽ, 2050-ഓടെ ലോകത്തെ 16-ാമത്തെ സമ്പദ്വ്യവസ്ഥയായും 2075-ഓടെ ആറാം സ്ഥാനത്തെത്തുമെന്നുമാണ് പ്രവചിച്ചിരുന്നത്. എന്നാൽ, ഈ കണക്കുകൂട്ടലുകൾ തെറ്റാണെന്നും 2050-ഓടെ തന്നെ പാക്കിസ്ഥാൻ ആറാം സ്ഥാനത്തേക്ക് കുതിച്ചുയരുമെന്നും ഷെരീഫ് ഉറപ്പിച്ചു പറഞ്ഞു.
ഗോൾഡ്മാൻ സാക്സിന്റെ വിശകലനപ്രകാരം 2050-ൽ ഇന്ത്യ 22.2 ട്രില്യൺ ഡോളർ ജിഡിപിയുമായി ലോകത്ത് മൂന്നാമത്തെ സ്ഥാനത്ത് എത്തും. അതേസമയം, അന്ന് 16-ാം സ്ഥാനത്തായിരിക്കും പാക്കിസ്ഥാൻ, ജിഡിപി മൂല്യം വെറും 3.3 ട്രില്യൺ ഡോളറും. നൈജീരിയ, സൗദി അറേബ്യ, കാനഡ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങൾ അന്ന് പാക്കിസ്ഥാനെക്കാൾ സാമ്പത്തികമായി മുന്നിലായിരിക്കുമെന്നാണ് സൂചന. എന്നാൽ, ഷെഹബാസ് ഷെരീഫിന്റെ കണക്കുകൂട്ടൽ ശരിയാവുകയാണെങ്കിൽ ജർമനി, ജപ്പാൻ, യുകെ, ഇന്തോനേഷ്യ, ഫ്രാൻസ്, റഷ്യ, ബ്രസീൽ തുടങ്ങിയ വമ്പൻ സാമ്പത്തിക ശക്തികളെ പിന്തള്ളിയാണ് പാക്കിസ്ഥാൻ ഈ നേട്ടം കൈവരിക്കുക. 2050-ൽ ചൈന ഒന്നാമതും അമേരിക്ക രണ്ടാമതും ഇന്ത്യ മൂന്നാമതും തുടരുമെന്നാണ് വിലയിരുത്തൽ.
ഖനന മേഖലയിലേക്ക് അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെ പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് ഷെരീഫ് വിശദീകരിച്ചു. രാജ്യത്ത് ഇതുവരെ കാര്യമായി വിനിയോഗിക്കാത്ത ചെമ്പ്, സ്വർണം തുടങ്ങിയ വിലയേറിയ ധാതുക്കളുടെ ഖനനം ഇതിന് വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 450 ബില്യൺ ഡോളർ ജിഡിപിയുമായി ലോകത്ത് 42-ാം സ്ഥാനത്താണ് പാക്കിസ്ഥാൻ. അയൽരാജ്യമായ ബംഗ്ലാദേശിന് പോലും പിന്നിലാണ് നിലവിലെ പാക്കിസ്ഥാന്റെ സ്ഥാനം. അതേസമയം, 4.06 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ ആറാം സ്ഥാനത്ത് കുതിക്കുകയാണ്.
ഗോൾഡ്മാൻ സാക്സിന്റെ കണക്കുകൾ പ്രകാരം ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടിക ഇപ്രകാരമാണ്:
2050-ലെ സമ്പദ്വ്യവസ്ഥകൾ: 1. ചൈന, 2. യുഎസ്, 3. ഇന്ത്യ, 4. ഇന്തോനേഷ്യ, 5. ജർമനി, 6. ജപ്പാൻ, 7. യുകെ, 8. ബ്രസീൽ, 9. ഫ്രാൻസ്, 10. റഷ്യ (16-ാം സ്ഥാനത്ത് പാക്കിസ്ഥാൻ).
2075-ലെ സമ്പദ്വ്യവസ്ഥകൾ: 1. ചൈന, 2. ഇന്ത്യ, 3. യുഎസ്, 4. ഇന്തോനേഷ്യ, 5. നൈജീരിയ, 6. പാക്കിസ്ഥാൻ, 7. ഈജിപ്റ്റ്, 8. ബ്രസീൽ, 9. ജർമനി, 10. യുകെ.
2075-ഓടെ ഇന്ത്യ അമേരിക്കയെ മറികടന്ന് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നു. ഉൽപ്പാദന മേഖലയിലെ വൻ വളർച്ച ഇന്ത്യയുടെ ജിഡിപി 52 ട്രില്യൺ ഡോളറിലെത്തിക്കും. ഇക്കാലയളവിൽ 57 ട്രില്യൺ ഡോളറുമായി ചൈന ഒന്നാം സ്ഥാനത്ത് തുടരും. അമേരിക്ക 51 ട്രില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തേക്ക് മാറുമെന്നും ആഫ്രിക്കൻ രാജ്യമായ നൈജീരിയ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജപ്പാൻ അന്ന് ആദ്യ പത്ത് രാജ്യങ്ങളിൽ നിന്ന് പുറത്താകാനാണ് സാധ്യത.




