ബിഷ്ണോയ് സംഘത്തിനായി ഗുരുമൂർത്തി ചിത്രങ്ങൾ പകർത്തി; പുറത്തായത് നിർണ്ണായക സാമ്പത്തിക ഇടപാടുകൾ

തൃശൂർ ∙ ബോളിവുഡ് താരം ടൈഗർ ഷ്റോഫിനെ വധിക്കാൻ ലോറൻസ് ബിഷ്ണോയ് ഗ്യാങ് ആസൂത്രണം ചെയ്ത ഗൂഢാലോചനയിൽ പങ്കാളിയായ തമിഴ്നാട് സ്വദേശി ഗുരുമൂർത്തിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ബിഷ്ണോയ് സംഘത്തിന്റെ നിർദ്ദേശപ്രകാരം മുംബൈയിലെ പ്രമുഖ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തി നൽകിയതിന് ഇയാൾക്ക് വൻ തുക പ്രതിഫലമായി ലഭിച്ചതായാണ് സിറ്റി പൊലീസിന്റെ കണ്ടെത്തൽ.
യുഎസ് ഡോളറായി ലഭിച്ച ഈ തുക, തന്റെ അടുത്ത ബന്ധുവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഇന്ത്യൻ രൂപയിലേക്ക് മാറ്റി ഇയാൾ കൈക്കലാക്കുകയായിരുന്നു. എന്നിരുന്നാലും, ഗുരുമൂർത്തി നേരിട്ട് ഏതെങ്കിലും അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പാലക്കാട് ഒറ്റപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്ന ഇയാളെ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ അതീവ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.
ബിഷ്ണോയ് സംഘത്തിന്റെ ആവശ്യപ്രകാരം മുംബൈയിലെ അതീവ സുരക്ഷാ മേഖലകളിലും ബോളിവുഡ് താരങ്ങൾ അടക്കമുള്ള പ്രമുഖ വ്യക്തികൾ പതിവായി എത്തുന്ന സ്ഥലങ്ങളിലും ചെന്ന്, അവയുടെ ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്തി ഗുരുമൂർത്തി സംഘത്തിന് കൈമാറിയിരുന്നു.




