കള്ളനോട്ട് കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി ക്രൈംബ്രാഞ്ച് പിടിയിൽ

കൊല്ലം വെസ്റ്റ് കൈക്കുളങ്ങര സ്വദേശിയും കള്ളനോട്ട് കേസിൽ പ്രതിയുമായ സിബിയോണിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ, കേസിലെ പ്രധാന പ്രതിയായ മനു പ്രസാദിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് കൂടരങ്ങ് പീച്ചിനാരിയിൽ താമസിക്കുന്ന മനു പ്രസാദിനെ കോഴിക്കോട് വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ആദർശ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനു പ്രസാദിലേക്ക് അന്വേഷണം എത്തിയത്. അറസ്റ്റിൽ നിന്നും രക്ഷപ്പെടാനായി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്ന ഇയാളെ ഒടുവിൽ ക്രൈംബ്രാഞ്ച് വലയിലാക്കുകയായിരുന്നു.
മനു പ്രസാദിന്റെ പക്കൽ നിന്നും മൊബൈൽ ഫോണും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. സിബിയോണിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത് മനു പ്രസാദാണെന്ന് വ്യക്തമായതായി പോലീസ് പറയുന്നു. സിബിയോൺ ഉൾപ്പെട്ട കള്ളനോട്ട് ഇടപാടുകളിലും മനു പ്രസാദിന് കൃത്യമായ പങ്കുണ്ടെന്നാണ് നിഗമനം. കേസിൽ ഇനിയും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെയും ഉടൻ പിടികൂടുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബർ 16-ന് ആശ്രാമത്തുനിന്നും സിബിയോണിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ ടിൻസി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇയാൾ സ്വയം തിരിച്ചെത്തുകയും ചെയ്തു. എന്നാൽ, സിബിയോണിന്റെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയ പോലീസ് ഒക്ടോബർ 23-ന് നടത്തിയ പരിശോധനയിൽ വൻ തോതിലുള്ള വ്യാജ നോട്ട് നിർമ്മാണ സാമഗ്രികൾ, പ്രിന്ററുകൾ, നോട്ടെണ്ണുന്ന യന്ത്രം, ഏകദേശം 2.5 കോടി രൂപയുടെ വ്യാജ കറൻസി, 43 പവൻ സ്വർണം എന്നിവ കണ്ടെടുത്തു. ഈ സംഭവത്തിൽ സിബിയോണിന്റെ ഭാര്യ ടിൻസിക്കെതിരെയും ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.




