വാഹനങ്ങൾ കടന്നുപോകാൻ സ്ഥലമില്ലാത്തതിനെ ചൊല്ലി തർക്കം; യുവാക്കൾക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥന്റെ മകന്റെ വെടിവയ്പ്, നില ഗുരുതരം

ന്യൂഡൽഹി ∙ റോഡിൽ വാഹനം ഒതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാക്കൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ പിടിയിലായി. വ്യാഴാഴ്ച രാത്രി ഫരീദാബാദിലെ ഭാരത് കോളനിയിലാണ് നാടിനെ നടുക്കിയ ഈ ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് ജാംഗ്ര (27), സഹോദരൻ പ്രിൻസ് (23) എന്നിവർ സെക്ടർ 21എയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രശാന്തിന്റെ നെഞ്ചിലും പ്രിൻസിന്റെ കഴുത്തിലുമാണ് വെടിയേറ്റത്. പ്രിൻസ് നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
നാല് ദിവസം മുൻപാണ് പ്രശാന്തിന് ഒരു കുഞ്ഞ് പിറന്നത്. ഈ സന്തോഷവാർത്തയറിഞ്ഞ് എത്തുന്ന ബന്ധുക്കളെ സ്വീകരിക്കാൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ സംഭവം. സഹോദരങ്ങൾക്കൊപ്പം ബന്ധുവായ പീയൂഷ് (18), പ്രശാന്തിന്റെ ഭാര്യാസഹോദരൻ തുഷാർ (23) എന്നിവരും കാറിലുണ്ടായിരുന്നു. വീട്ടിൽ നിന്ന് വളരെ കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ജസ്വന്ത് (26) ഓടിച്ചിരുന്ന കാർ എതിർദിശയിൽനിന്ന് എത്തുകയായിരുന്നു. വീതി കുറഞ്ഞ റോഡിൽ ഇരുവാഹനങ്ങളും നേർക്കുനേർ വന്നതോടെ ആര് ആദ്യം വഴി മാറി നൽകുമെന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാവുകയും ഇത് വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു.
നെഞ്ചിൽ വെടിയേറ്റിട്ടും ഏറെ ബുദ്ധിമുട്ടി പ്രശാന്ത് തന്നെയാണ് കാറോടിച്ച് സഹോദരനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിക്ക് സാരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ സെക്ടർ 21എയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെപ്പിന് ശേഷവും മിനിറ്റുകളോളം സംഭവസ്ഥലത്ത് തമ്പടിച്ച പ്രതി, തന്റെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തിയ ശേഷമാണ് രക്ഷപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.



