അനിരുദ്ധിന്റെ കൊട്ടാരം വീട്ടിൽ കാവ്യയും; തറയിൽ കിടന്നുറങ്ങിയ നാളുകൾ ഓർത്ത് അനിരുദ്ധ്

ഇന്ത്യൻ ചലച്ചിത്ര സംഗീത മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ അതുല്യ പ്രതിഭയാണ് അനിരുദ്ധ് രവിചന്ദർ. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായി ഉയരുമ്പോഴും, കുടുംബത്തോടും പ്രിയപ്പെട്ടവരോടും തനിക്കുള്ള അഗാധമായ ആത്മബന്ധം അനിരുദ്ധ് കാത്തുസൂക്ഷിക്കുന്നുണ്ട്. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതി ഈ സ്നേഹത്തിന്റെയും ലളിതമായ ജീവിതശൈലിയുടെയും നേർക്കാഴ്ചയാണ്. സൺ പിക്ചേഴ്സ് ഉടമ കലാനിധി മാരന്റെ മകളും സംരംഭകയുമായ കാവ്യ മാരനുമായുള്ള വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ചർച്ചയാകുമ്പോൾ, ആരാധകർക്കിടയിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് അനിരുദ്ധിന്റെ മനോഹരമായ വീട്.
പരമ്പരാഗത ദ്രാവിഡ വാസ്തുവിദ്യയും സമകാലിക ഡിസൈനിലെ മിതത്വവും കോർത്തിണക്കിയ ഒരു താമസസ്ഥലമാണ് അനിരുദ്ധിന്റേത്. ഏഷ്യൻ പെയിന്റ്സിന്റെ ‘വെയർ ദ ഹാർട്ട് ഈസ്’ എന്ന പരിപാടിയിലൂടെ തന്റെ സ്വകാര്യ ഇടങ്ങളിലേക്ക് അദ്ദേഹം ആരാധകരെ സ്വാഗതം ചെയ്തിരുന്നു. ആഡംബരങ്ങളേക്കാൾ ഉപരിയായി ഗൃഹാതുരത്വവും ലാളിത്യവുമാണ് ഈ വീടിന്റെ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നത്.
കലാപരമായ കൊത്തുപണികളാൽ സമ്പന്നമായ തടിവാതിലിലൂടെയുള്ള പ്രവേശനം തന്നെ വീടിന്റെ തനിമ വിളിച്ചോതുന്നു. വീടിന്റെ സ്വീകരണമുറിക്കും ഡൈനിങ് ഹാളിനും നടുവിലായി സ്ഥാപിച്ചിരിക്കുന്ന പരമ്പരാഗത മരത്തൂഞ്ഞാലാണ് ഇവിടുത്തെ പ്രധാന ആകർഷണം. വീടിനകത്ത് ഒരു ഫ്ലാറ്റ് സംസ്കാരത്തിലാണെങ്കിലും, പ്രകൃതിയുമായുള്ള ബന്ധം വിട്ടുമാറാത്ത രീതിയിലാണ് ഇതിന്റെ രൂപകല്പന. വലിയ ഗ്ലാസ് ജനാലകളിലൂടെ പുറത്തെ പച്ചപ്പും മാവുകളും ആസ്വദിക്കാനുള്ള സൗകര്യം വീടിന് കൂടുതൽ വിശാലത നൽകുന്നു. വെളുത്ത നിറത്തിലുള്ള തറയും കടും പച്ച നിറത്തിലുള്ള സോഫകളും, കറുപ്പും വെളുപ്പും ചേർന്ന ശൈലിയിലുള്ള കസേരകളും വീടിന് ആധുനികമായ ഒരു ഭംഗി നൽകുന്നു. വെള്ള നിറത്തിലുള്ള കോഫി ടേബിളും അതിലെ കലാപരമായ ശിൽപങ്ങളും ചുവരുകളിലെ ചിത്രങ്ങളും വീടിനെ കൂടുതൽ ജീവസ്സുറ്റതാക്കുന്നു.
ലിവിങ് റൂമിലെ ഒരു മൂലയിൽ അനിരുദ്ധിന്റെ ജീവിതയാത്രയിലെ പ്രധാന നിമിഷങ്ങൾ കോർത്തിണക്കിയ ഒരു ചിത്രം നിറഞ്ഞ ചുവരുണ്ട്. താൻ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഈ ഭാഗത്തെക്കുറിച്ച് അനിരുദ്ധ് പറയുന്നത്, “ഇവിടെ ഇരിക്കുമ്പോൾ ഈ വീടിന്റെ ബോസ് താനാണെന്ന് തോന്നും” എന്നാണ്. ‘മെമ്മറി വാൾ’ എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. കാലത്തിന്റെ ഒഴുക്കിൽ പകർത്തിയ ഒട്ടേറെ മനോഹരമായ ഓർമകളും വികാരങ്ങളുമാണ് ഈ ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾക്കൊപ്പം, രജനികാന്ത്, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾക്കൊപ്പം നിൽക്കുന്ന അനിരുദ്ധിന്റെ അപൂർവ ചിത്രങ്ങളും വീടിന്റെ ചുവരുകളെ അലങ്കരിക്കുന്നു.




