BUSINESS

പിഎം സൂര്യഘർ യോജന: പുരപ്പുറ സോളർ പദ്ധതിയിൽ റെക്കോർഡ് നേട്ടം; അപേക്ഷകരുടെ എണ്ണം ലക്ഷത്തിലേക്ക്

പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന പദ്ധതിയിലൂടെ രാജ്യത്ത് സൗരോർജ്ജ വിപ്ലവം അതിവേഗം കുതിക്കുകയാണ്. 2027 മാർച്ച് അവസാനത്തോടെ ഇന്ത്യയിലെ ഒരു കോടി വീടുകളിൽ സോളർ പാനലുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്. ഇതുവരെ 66 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമായെന്ന് കേന്ദ്ര പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷി വ്യക്തമാക്കി. പദ്ധതിയുടെ തുടക്കത്തിൽ ആദ്യ ഒരു ലക്ഷം വീടുകളിൽ സൗരോർജ്ജ സംവിധാനം സ്ഥാപിക്കാൻ 118 ദിവസങ്ങൾ വേണ്ടിവന്നുവെങ്കിൽ, ഇന്നത് വെറും ആറ് ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്. ഇത് താമസിയാതെ അഞ്ച് ദിവസമായി കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുതി ബില്ലുകൾ പൂർണ്ണമായും ഒഴിവാക്കാം എന്നത് മാത്രമല്ല, ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി അതത് സംസ്ഥാനത്തെ ഇലക്ട്രിസിറ്റി ബോർഡുകൾക്ക് വിറ്റ് അധിക വരുമാനം കണ്ടെത്താനുള്ള അവസരം കൂടി ഈ പദ്ധതി ഗാർഹിക ഉപഭോക്താക്കൾക്കും കർഷകർക്കും ഒരുക്കുന്നുണ്ട്. വിശാഖപട്ടണത്ത് നടന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) പാർട്നർഷിപ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-ൽ തുടക്കം കുറിച്ച ഈ പദ്ധതിക്കായി 75,000 കോടി രൂപയാണ് കേന്ദ്രം മാറ്റിവെച്ചിരിക്കുന്നത്.

പുരപ്പുറ സോളർ പദ്ധതി വഴി 2027 മാർച്ചോടെ 30,000 മെഗാവാട്ട് വൈദ്യുതി ഉൽപാദനം കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിനകം 19,639 മെഗാവാട്ട് ശേഷി ഇതിലൂടെ കൈവരിക്കാനായിട്ടുണ്ട്. ശേഷിക്കുന്ന അഞ്ച് മാസത്തിനുള്ളിൽ ലക്ഷ്യത്തിലേക്ക് വേഗമെത്താനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാർ. വിവിധ സ്ലാബുകളിലായാണ് പദ്ധതിയിൽ സബ്‌സിഡി ലഭ്യമാക്കുന്നത്. ഒരു കിലോവാട്ട് സിസ്റ്റത്തിന് 30,000 രൂപയും, രണ്ട് കിലോവാട്ടിന് 60,000 രൂപയും, മൂന്ന് കിലോവാട്ടിന് 78,000 രൂപ വരെയും സബ്‌സിഡി ലഭിക്കും. പദ്ധതിയിൽ അംഗമായി സബ്‌സിഡി ആനുകൂല്യങ്ങൾ കൈപ്പറ്റാൻ 2027 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

പിഎം സൂര്യ ഘർ പദ്ധതിയിലെ പുരപ്പുറ സോളർ ഉൽപാദന ശേഷിയിൽ കേരളം ദക്ഷിണേന്ത്യയിൽ ഒന്നാമതും രാജ്യത്ത് നാലാം സ്ഥാനത്തുമാണ്. കേരളത്തിൽ 4.18 ലക്ഷം വീടുകൾ ഇതിനകം പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. 1591 മെഗാവാട്ട് ആണ് ഇവിടുത്തെ സ്ഥാപിത ഉൽപാദനശേഷി. 2646.09 കോടി രൂപയാണ് സബ്‌സിഡിയിനത്തിൽ കേരളത്തിലെ ഉപയോക്താക്കൾക്ക് ലഭിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്കുകൾ താഴെ നൽകുന്നു:

കേരളം
∙ വീടുകൾ : 4.18 ലക്ഷം
∙ ഉൽപാദനശേഷി : 1591 മെഗാവാട്ട്
∙ സബ്സ്ഡി നേട്ടം : 2646.09 കോടി രൂപ

ആന്ധ്രപ്രദേശ്
∙ വീടുകൾ : 5.32 ലക്ഷം
∙ ഉൽപാദനശേഷി : 1433.99 മെഗാവാട്ട്
∙ സബ്സ്ഡി നേട്ടം : 2839.77 കോടി രൂപ

കർണാടക
∙ വീടുകൾ : 42,827
∙ ഉൽപാദനശേഷി : 120.01 മെഗാവാട്ട്
∙ സബ്സ്ഡി നേട്ടം : 198.28 കോടി രൂപ

തമിഴ്നാട്
∙ വീടുകൾ : 1.35 ലക്ഷം
∙ ഉൽപാദനശേഷി : 430.76 മെഗാവാട്ട്
∙ സബ്സ്ഡി നേട്ടം : 746.55 കോടി രൂപ

തെലങ്കാന
∙ വീടുകൾ : 94,732
∙ ഉൽപാദനശേഷി : 275.06 മെഗാവാട്ട്
∙ സബ്സ്ഡി നേട്ടം : 472.97 കോടി രൂപ

Travel ⏭️

Back to top button