NEWS
ചാലയിൽ ജ്വല്ലറി ഉടമയിൽനിന്ന് 2 കിലോ സ്വർണം കവർന്നു; ബൈക്കിലെത്തിയ സംഘം കടന്നുകളഞ്ഞു

തിരുവനന്തപുരം∙ ചാലയിലെ പ്രശസ്തമായ വ്യാപാര കേന്ദ്രത്തിൽ ഞെട്ടിക്കുന്ന സ്വർണക്കവർച്ച. ബൈക്കിലെത്തിയ സംഘം ജ്വല്ലറി ഉടമയെ ആക്രമിച്ച് രണ്ടുകിലോ സ്വർണം തട്ടിയെടുത്തു. ചാല വൈഷ്ണവി ജ്വല്ലറിയിലെ ഉടമ രാത്രിയിൽ കട അടച്ച് സ്വർണശേഖരവുമായി വലിയശാലയിലെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മടങ്ങുമ്പോഴായിരുന്നു സംഭവം.
രാത്രി പതിനൊന്നുമണിയോടെ സഭാവതി കോവിൽ റോഡിൽ വെച്ചാണ് സ്വർണമടങ്ങിയ ബാഗ് അക്രമിസംഘം കവർന്നത്. സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച ബൈക്കിനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ചാല മാർക്കറ്റിന്റെ ചരിത്രത്തിൽ ഇത്തരമൊരു സ്വർണക്കവർച്ച ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.




