17കാരനെതിരായ എഫ്ഐആർ: അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രോസിക്യൂഷനും കോടതിയുടെ രൂക്ഷ വിമർശനം

അപകടത്തിൽപ്പെട്ട വാഹനങ്ങൾ
കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസും ജയബാലകൃഷ്ണന്റെ ബന്ധുക്കളും നൽകിയ ഹർജികൾ കോടതി തള്ളി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഈ സുപ്രധാന ഉത്തരവ്. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും നടപടികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി, വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. നിയമപരമായി നിലനിൽപ്പില്ലാത്ത വകുപ്പുകൾ ചേർത്ത് പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെ എങ്ങനെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞുവെന്ന് കോടതി ചോദിച്ചു.
ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകളെ അന്വേഷണ ഉദ്യോഗസ്ഥർ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. നിയമപ്രകാരം ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ മാത്രമേ പ്രായപൂർത്തിയാകാത്തവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ അനുവാദമുള്ളൂ. എന്നാൽ ഈ കേസിൽ അത്തരമൊരു സാഹചര്യം നിലവിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത നടപടികളാണ് ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസ് രജിസ്റ്റർ ചെയ്ത ശേഷം പിന്നീട് പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കുന്നതും, പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യം നൽകുകയും, വീണ്ടും കസ്റ്റഡിയിൽ എടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കുകയും ചെയ്ത നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചു. കേസിന്റെ പ്രത്യേകത എന്താണെന്ന് ആരാഞ്ഞ കോടതി, പതിനേഴുകാരന് ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ പരിധിയിൽ നിന്ന് ലഭിച്ച ജാമ്യം തുടരാമെന്നും പിന്നീട് ചേർത്ത വകുപ്പുകൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം വീഴ്ചകൾ ഇരയ്ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചുവെന്നും കോടതി വിലയിരുത്തി. ഹർജികൾ ഫയൽ ചെയ്തതിന് പിഴ ചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കണമെന്ന് പ്രോസിക്യൂഷന് കോടതി നിർദ്ദേശം നൽകി.




