NEWS

തിരുവനന്തപുരം അരുവിക്കര ഡാം: കനത്ത മഴയെത്തുടർന്ന് ഷട്ടറുകൾ ഉയർത്തുന്നു; തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

അരുവിക്കര ഡാം

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ ജില്ലാ കളക്ടർ അഞ്ജു കെ.എസ് നിർദ്ദേശം നൽകി. ഡാമിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർദ്ധിക്കുകയും ജലനിരപ്പ് തുടർച്ചയായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ട് 3.30-ഓടെ ഡാമിന്റെ 2, 3, 4, 5 എന്നീ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം അധികമായി ഉയർത്താനാണ് അധികൃതരുടെ തീരുമാനം. ഇതോടെ നേരത്തെ ഉയർത്തിയ 40 സെന്റീമീറ്റർ ഉൾപ്പെടെ മൊത്തം 120 സെന്റീമീറ്റർ ഉയരത്തിൽ ഷട്ടറുകൾ തുറക്കും. ഡാമിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവരും കരമനയാറിന്റെ തീരത്തുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.

സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വരും അഞ്ച് ദിവസങ്ങളിലും കേരളത്തിൽ മഴ തുടരുമെന്നാണ് വിലയിരുത്തൽ. തെലങ്കാനയുടെ കിഴക്കൻ മേഖലയ്ക്കും തീരദേശ ആന്ധ്രയ്ക്കും മുകളിലായി രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം വടക്കോട്ട് സഞ്ചരിച്ച് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഈ കാലാവസ്ഥാ വ്യതിയാനമാണ് കേരളത്തിലെ കനത്ത മഴയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Sports ⏭️

Read News ⏭️

Back to top button