മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു

ഷിവി കൃഷ്ണൻ
കൽപ്പറ്റ: മീനങ്ങാടി സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ നടപടിക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ഏർപ്പെടുത്തി. യാത്രയുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും, ഇതിനായി നേരത്തെ തന്നെ ഔദ്യോഗിക അനുമതി തേടിയിരുന്നുവെന്നും വ്യക്തമാക്കുന്ന രേഖകൾ നേരത്തെ പുറത്തുവന്നതിന് പിന്നാലെയാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ.
കഴിഞ്ഞ ഓഗസ്റ്റ് 14-ന് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യൂക്കേഷന് (ആർഡിഡി) നൽകിയ അപേക്ഷയുടെ പകർപ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. രണ്ട് മാസത്തോളം കാത്തിരുന്നിട്ടും അധികൃതരിൽ നിന്ന് മറുപടിയോ തീരുമാനമോ ഉണ്ടാകാതിരുന്നതിനാലാണ് ഒക്ടോബർ 25-ന് ഹൈദരാബാദിലേക്കുള്ള വിനോദയാത്രയുമായി മുന്നോട്ട് പോയതെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. ഇത്തരം അപേക്ഷകളിൽ കൃത്യമായ മറുപടി ലഭിക്കാത്തത് പതിവാണെന്നും, ആ സാഹചര്യത്തിലാണ് യാത്ര ആരംഭിച്ചതെന്നും അവർ വ്യക്തമാക്കിയിരുന്നു.
വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്നാരോപിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് സംഭവം വലിയ വിവാദമായത്. എന്നാൽ, മെഡിക്കൽ പരിശോധനാഫലത്തിൽ പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ല എന്ന് തെളിയുകയായിരുന്നു. യാത്രയ്ക്കിടെ വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ ചിലർ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ഷിവി കൃഷ്ണൻ പ്രതികരിച്ചു. പ്രിൻസിപ്പൽ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരെ തങ്ങൾ പരാതി നൽകിയിട്ടില്ലെന്നും വ്യക്തമാക്കി വിദ്യാർത്ഥികൾ തന്നെ രംഗത്തെത്തിയിരുന്നു. തുടർന്ന്, അന്യായമായി പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരങ്ങളും നടത്തി വരികയായിരുന്നു.




