NEWS

ഭർതൃവീട്ടിൽ യുവതിയുടെ മരണം: സ്വർണം വിറ്റ് കാർ ഇഎംഐ അടയ്ക്കാൻ ഭർത്താവിന്റെ സമ്മർദ്ദമെന്ന് പരാതി

കൊല്ലം: ഇരവിപുരം ഭരണിക്കാവിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ നിർണ്ണായകമായ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായ (26) ആണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

തന്റെ ഭർത്താവിനോട് വലിയ സ്നേഹം മാത്രമാണുള്ളതെന്നും, തനിക്കുള്ള സ്വർണാഭരണങ്ങൾ വിറ്റ് കാറിന്റെ ഇഎംഐ കുടിശ്ശിക തീർക്കണമെന്നുമാണ് കുറിപ്പിൽ സായ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ എന്തിനാണ് സായ ഇത്തരമൊരു കടുംകൈ ചെയ്തതെന്നതിൽ വ്യക്തത വന്നിട്ടില്ല.

ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സായയെ ബന്ധുക്കൾ ഉടൻ തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പത്തനാപുരം സ്വദേശിനിയായ സായയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്. നാല് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ ഇരവിപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്പ്ലൈൻ നമ്പരുകൾ-1056, 0471- 2552056)

Sports ⏭️

Read News ⏭️

Back to top button