നിയമവിരുദ്ധ നിർദേശങ്ങൾ തള്ളാം: പൊലീസ് അസോസിയേഷന്റെ പരോക്ഷ വിമർശനം

തിരുവനന്തപുരം∙ ചേരാനല്ലൂരിലുണ്ടായ അപകടത്തെ തുടര്ന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിച്ച സംഭവത്തിൽ പരോക്ഷ വിമർശനവുമായി കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്ത്. തലസ്ഥാനത്ത് ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് സംഘടന തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയത്.
പൊലീസ് സേനയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കു മേൽ വിവിധ കോണുകളിൽ നിന്നും തെറ്റായ ഇടപെടലുകളും നീതിരഹിതമായ ശുപാർശകളും വരാറുണ്ടെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, നിയമവിരുദ്ധമായ ഏത് ഉത്തരവ് എവിടെനിന്നുണ്ടായാലും അത് അതേപടി നടപ്പിലാക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനും ബാധ്യതയില്ലെന്ന് സംഘടന ഓർമ്മിപ്പിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ അതീവ ജാഗ്രതയോടെയും സത്യസന്ധതയോടും നീതിബോധത്തോടും കൂടി നിയമപരമായ നിലപാടുകൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. അല്ലാത്തപക്ഷം, കൃത്യനിർവഹണത്തിൽ ഏർപ്പെടുന്നവർ മാത്രം പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു.



