NEWS
ചേരാനല്ലൂർ അപകടം: പ്രതിയുടെ പിതാവിനെ സസ്പെൻഡ് ചെയ്യണം; പ്രതിഷേധം തുടർന്ന് ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി ∙ ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാർ ഇടിച്ച് ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ട കേസിൽ പ്രതിഷേധം തുടർന്ന് കുടുംബം. കാറുടമയായ പതിനേഴുകാരന്റെ പിതാവിനെ സസ്പെൻഡ് ചെയ്യണം, പ്രതിയുടെ ജാമ്യം റദ്ദാക്കണം, പ്രതിയുടെ ഫോട്ടോ എടുത്തത് ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ അടക്കമുള്ളവർ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുന്നത്. കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. നേരത്തെ കുടുംബം അടക്കം നടത്തിയ പ്രതിഷേധത്തിനൊടുവിൽ പതിനേഴുകാരന്റെ പിതാവായ അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെ പൊലീസ് മോട്ടർ വാഹന നിയമം 199 അനുസരിച്ച് കേസെടുത്തിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത മകനെ വാഹനമോടിക്കാൻ അനുവദിക്കുകയും ആ വാഹനമോടിച്ച് ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പിതാവിനെ സസ്പെൻഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിക്കുമെന്ന് ഇന്ന് രാവിലെ പൊലീസ് കമ്മിഷണർ പറഞ്ഞിരുന്നു. ഹൈക്കോടതിയും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Fashion ⏭️



