NEWS
‘അത് ലിഫ്റ്റല്ല, പിണറായിയുടെ കാർ മുൻ ഗൺമാൻമാർ ഇടയ്ക്കിടെ ഉപയോഗിച്ചിരുന്നു’: ഇന്റലിജൻസ് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം ∙ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വാഹനം സസ്പെൻഷനിലുള്ള മുൻ ഗൺമാൻമാർ ദുരുപയോഗം ചെയ്തതായി സ്ഥിരീകരിച്ച് ഇന്റലിജൻസിന്റെ അന്വേഷണ റിപ്പോർട്ട്. രക്ഷാപ്രവർത്തന മർദനക്കേസിൽ സസ്പെൻഷനിലായ അനിൽകുമാറും സന്ദീപും ഔദ്യോഗിക കാറിൽ യാത്ര ചെയ്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇരുവരെയും കൊച്ചിയിൽ വച്ച് യാദൃച്ഛികമായി കണ്ടപ്പോൾ ലിഫ്റ്റ് നൽകിയതാണെന്നായിരുന്നു ഡ്രൈവർ ഷിനോജിന്റെ മൊഴി. എന്നാൽ മൊഴി വിശ്വസനീയമല്ലെന്നും ഇരുവരും പിണറായി വിജയന്റെ ഔദ്യോഗിക വാഹനം ഇടയ്ക്കിടെ ഉപയോഗിച്ചിരുന്നതായും ഇന്റലിജൻസ് കണ്ടെത്തി. എറണാകുളത്ത് പിണറായി വിജയന് പരിപാടി നിശ്ചയിച്ചിരുന്നതിനാൽ ഡ്രൈവർ ഔദ്യോഗിക കാറുമായി നേരത്തേ പുറപ്പെട്ടിരുന്നു. പിണറായി ട്രെയിനിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പരിപാടി റദ്ദാക്കിയതോടെ അദ്ദേഹം എറണാകുളത്തേക്ക് എത്തിയില്ല. തുടർന്ന് താൻ ഒറ്റയ്ക്ക് തിരികെ വരുന്നതിനിടെ അനിൽകുമാറിനു ലിഫ്റ്റ് നൽകുകയായിരുന്നുവെന്നാണ് ഷിനോജ് മൊഴി നൽകിയത്. കാറിൽ അനിൽകുമാർ മാത്രമല്ല ഉണ്ടായിരുന്നതെന്നും രക്ഷാപ്രവർത്തന മർദനക്കേസിൽ പ്രതിയായ മറ്റൊരു സസ്പെൻഷനിലുള്ള മുൻ ഗൺമാൻ സന്ദീപും ഒപ്പമുണ്ടായിരുന്നുവെന്നും ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
Fashion ⏭️




