NEWS
പിടിച്ച നായ്ക്കളെ പൂട്ടിയിട്ടത് മിനി എംസിഎഫിൽ; കഴിക്കാൻ രാത്രി ചോറും മീൻകറിയും കൊറിക്കാൻ മിക്സ്ചറും!

ഇരിട്ടി ∙ ജീവനില്ലാത്ത പ്ലാസ്റ്റിക് ബോട്ടിലുകൾ മാത്രമല്ല അടിയന്തര ഘട്ടത്തിൽ ജീവനുള്ള തെരുവുനായ്ക്കളെയും അകത്താക്കാമെന്നു തെളിയിച്ചിരിക്കുകയാണ് അയ്യൻകുന്ന് പഞ്ചായത്ത് ആനപ്പന്തി കവലയിലെ മിനി എംസിഎഫ്. 3 ദിവസം മുൻപ് അയ്യൻകുന്ന് പഞ്ചായത്തിൽ നിരവധി ആളുകളെയും വളർത്തു മൃഗങ്ങളെയും കുറുക്കൻ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. പേ പിടിച്ചതെന്നു സംശയിക്കുന്ന കുറുക്കൻ ഒടുവിൽ ചാവുകയും ചെയ്തു. നിരവധി തെരുവുനായ്ക്കൾക്കു കടി കിട്ടിയെന്ന സംശയത്തിൽ അധികൃതർ ഇടപെട്ടു പട്ടിപിടിത്ത സംഘത്തെ നിയോഗിച്ചു. പട്ടികളെ പിടികൂടി കഴിഞ്ഞപ്പോഴാണ് ഇവയെ എവിടെ പാർപ്പിക്കുമെന്ന ചിന്ത അധികൃതർക്കും പട്ടിപിടിത്തക്കാർക്കും ഉദിച്ചത്. പിടിച്ച പട്ടിയെ തിരികെ വിട്ടാൽ നാട്ടുകാർ തങ്ങളെ പിടിക്കുമെന്ന സ്ഥിതി വന്നതോടെ അടുത്ത മാർഗം തേടി.ആനപ്പന്തിക്കവലയ്ക്കു സമീപം വെറുതേ കിടന്ന മിനി എംസിഎഫിൽ പട്ടിപിടുത്തക്കാരുടെ കണ്ണുടക്കിയതോടെ ഇതുതന്നെ സുരക്ഷിത താവളം എന്നുറപ്പിച്ച് പട്ടികളെ എംസിഎഫിൽ പൂട്ടിയിട്ടു. താക്കോൽ പഞ്ചായത്തംഗം എം.രാജേഷിനെ ഏൽപിച്ചു. ജീവിതം എംസിഎഫിനകത്തായ പട്ടികൾക്കു ഭക്ഷണവും വെള്ളവും ഒരുക്കേണ്ട ചുമതല പഞ്ചായത്തംഗത്തിന്റെ തലയിലുമായി. കൂടിനകത്തു 4 പട്ടികളെ പൂട്ടിയിട്ടെങ്കിലും ഒരെണ്ണം രക്ഷപ്പെട്ടു. പല സ്ഥലത്തു നിന്നു പിടിച്ച 3 പട്ടികൾക്കും ഒരേ ഭക്ഷണം നൽകിയതു സ്വീകരിക്കാൻ പട്ടികളും തയാറായില്ല. ഇതോടെ പഞ്ചായത്തംഗം സ്വന്തം പണത്തിനു 3 പട്ടികൾക്കും വ്യത്യസ്ത ഭക്ഷണം നൽകാൻ തീരുമാനിച്ചു. രാത്രി ചോറും മീൻകറിയും ഇടയ്ക്കു കൊറിക്കാൻ മിക്സ്ചറും ബിസ്കറ്റും മാറിമാറി ആവശ്യാനുസരണം എംസിഎഫിൽ എത്തിച്ചു കൊണ്ടിരുന്നു. കുടിക്കാൻ ബക്കറ്റ് നിറയെ ശുദ്ധ ജലവും.
Fashion ⏭️




