‘പാർവതിയോടൊപ്പം അഭിനയിക്കാൻ പല നടന്മാരും ഭയപ്പെട്ടിരുന്നു, ഒപ്പം നിന്നത് ആ രണ്ടുപേർ’; വെളിപ്പെടുത്തലുമായി സംവിധായകൻ

പാർവതി
നിലപാടുകളിലുറച്ചുനിന്നതിന്റെ പേരിൽ നടി പാർവതി തിരുവോത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്. മലയാളസിനിമയ്ക്ക് ലഭിച്ച വരദാനമാണ് പാർവതിയെന്നും ഒറ്റയ്ക്ക് നിന്ന് പടവെട്ടി അവർ നേടിയ വിജയത്തിന് ശക്തിയും തിളക്കവും കൂടുതലാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ സിനിമാരംഗത്ത് പാർവതി നടത്തിയ പോരാട്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ആലപ്പി അഷ്റഫ്.
‘പാർവതി സാധാരണ സിനിമാതാരങ്ങളിൽനിന്നും വ്യത്യസ്തമായി ആഴത്തിൽ വായനാശീലമുള്ള നടിയാണ്. സമകാലിക വിഷയങ്ങളിൽ താൽപര്യം എടുക്കുന്നതും അതേക്കുറിച്ച് ചിന്തിച്ച് സ്വാഭിപ്രായം ആരുടെ മുന്നിലും തുറന്നുപറയുന്നതും പാർവതിയുടെ ഒരു ശീലമാണ്. ഭംഗിയും തീക്ഷ്ണതയും സമന്വയിക്കുന്ന അവരുടെ നേത്രങ്ങളിൽ ഒരു അഭിനേത്രി എന്നതിനപ്പുറം നിലപാടുകളുള്ള ഒരു സ്ത്രീയുടെ ആർജവം പ്രകടമാണ്. മലയാളികൾക്ക് ഇന്നിപ്പോൾ പാർവതിയോട് ആരാധന മാത്രമല്ല, ബഹുമാനവുമുണ്ട്.
സിനിമയിൽ പലരും പലപ്പോഴും സ്വയം സംരക്ഷണമൊരുക്കി സുരക്ഷിതരാകാൻ കാലാകാലങ്ങളിൽ സമയത്തിനും സന്ദർഭത്തിനും അനുസരിച്ച് നിലപാടുകൾ മാറ്റിപ്പറയുന്നത് നാം കണ്ടിട്ടുള്ളതാണല്ലോ. എന്നാൽ, സ്വന്തം നിലനിൽപ്പിനായി നിലപാടുകളിൽ വെള്ളം ചേർക്കാതെ ഉറച്ചുനിന്നുകൊണ്ട് കരിയർ മെച്ചപ്പെടുത്തിയ നടിയാണ് പാർവതി. നായക പ്രാധാന്യമുള്ള സിനിമകൾ മാത്രമേ വിജയിക്കൂവെന്ന ധാരണ നിലനിൽക്കുമ്പോൾ തന്നെയാണ് പല വലിയ നടന്മാരുടെയും സിനിമകൾ ബോക്സ് ഓഫീസിൽ അടിതെറ്റിവീഴുന്നത്. ഈ സാഹചര്യത്തിലാണ് പാവതി കേന്ദ്ര കഥാപാത്രമായെത്തിയ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രം ചരിത്രം കുറിച്ച് വിജയം കൈവരിച്ചത്’- ആലപ്പി അഷ്റഫ് പറയുന്നു.
മലയാളസിനിമയിൽ വാണിവിശ്വനാഥിനും ആശാശരതിനും ശേഷം പൊലീസ് വേഷത്തിൽ അത്യുജല പ്രകടനം കാഴ്ചവച്ചത് പാർവതിയാണെന്നും ആലപ്പി അഷ്റഫ് പറയുന്നു. മമ്മൂട്ടി നായകനായെത്തിയ കസബ എന്ന ചിത്രത്തിൽ ഒരു രംഗത്തിൽ വരുന്ന സ്ത്രീവിരുദ്ധതയെക്കുറിച്ച് തുറന്നുപറഞ്ഞതിന്റെ പേരിൽ സിനിമാമേഖലയിൽ പാർവതി അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടുത്തലുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറയുന്നുണ്ട്. പാർവതിയുടെതന്നെ ഒരഭിമുഖത്തിലെ വാക്കുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. നിലപാടുകൾ തുറന്നുപറഞ്ഞതിന്റെ പേരിൽ ബലാംത്സംഗ ഭീഷണികളും വധഭീഷണികളും ഉൾപ്പെടെ പാർവതിക്കെതിരെ വന്നിരുന്നതായും ആലപ്പി അഷ്റഫ് വെളിപ്പെടുത്തുന്നു.
പതിനായിരങ്ങൾ പങ്കെടുത്ത അവാർഡ് നിശയിൽ പുരസ്കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് കയറിയ പാർവതിയെ എതിരേറ്റത് കൂകി വിളികളായിരുന്നെന്നും കയ്യടികൾക്ക് പകരം കിട്ടിയ ആ കളിയാക്കലുകളാണ് തന്നെ കരുത്തുള്ളവളാക്കിയതെന്ന് നടിതന്നെ മുൻപ് തുറന്നുപറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു. ആ ഏഴുമിനിറ്റുകൾ ഏഴുവർഷങ്ങൾ പോലെയാണ് അനുഭവപ്പെട്ടതെന്ന് പാർവതി പറഞ്ഞത് അദ്ദേഹം ഓർത്തെടുക്കുന്നു.
ആസൂത്രിതമായി പലരും മൂലയ്ക്കിരുത്താൻ ശ്രമിച്ചപ്പോൾ ഉയരെ എന്ന ചിത്രത്തിലൂടെ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ പാർവതി പറന്നുയർന്നെന്ന് ആലപ്പി അഷ്റഫ് പറയുന്നു. പാർവതിയോടൊപ്പം അഭിനയിക്കാൻ പല നടന്മാരും ഭയന്നിരുന്ന സമയത്ത് ഉയരെ എന്ന ചിത്രത്തിലൂടെ ടോവിനോയും ആസിഫലിയും പിന്തുണയുമായെത്തുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Business ⏭️




