NEWS
രാജസ്ഥാൻ ജഡ്ജിയുടെ 2.50 കോടി തട്ടിയ കേസിൽ മലയാളി പിടിയിൽ; പണം തട്ടിയത് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി

കൊച്ചി∙ വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി രാജസ്ഥാനിലെ വിരമിച്ച ജഡ്ജിയുടെ കയ്യിൽ നിന്നു 2.50 കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളിയായ പ്രതി പിടിയിൽ. വരാപ്പുഴ ചിറ്റേത് ആനന്ദ് ബാബുവിനെ (32) ആണ് സെൻട്രൽ എസിപി സിബി ടോമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു നടപടി. തട്ടിപ്പു സംഘത്തിൽ പെട്ടയാളുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ ആനന്ദ് ബാബുവിന്റെ അക്കൗണ്ടിലേക്കെത്തിയതായും ഇതു മറ്റു പലർക്കും കൈമാറിയതായും കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.ഉത്തരേന്ത്യക്കാർ നേതൃത്വം നൽകുന്ന തട്ടിപ്പു സംഘത്തിൽ വേറെയും മലയാളികളുണ്ടെന്നു പൊലീസ് അറിയിച്ചു. പുൽവാമ ഹവാല കേസിൽ ബന്ധമുള്ളതായി തെളിവുണ്ടെന്നു പറഞ്ഞാണു വിരമിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തിയതെന്നു പൊലീസ് അറിയിച്ചു. രാജസ്ഥാൻ പൊലീസ് സംഘം കൊച്ചിയിൽ എത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എസ്ഐമാരായ സി.അനൂപ്, ഹരീഷ്, ഇ.എം.ഷാജി, അസി.എസ്ഐ സുനിൽ ജലീൽ, സീനിയർ സിപിഒമാരായ ഹരീഷ് ബാബു, വിബിൻ, ഷിജിത്ത് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
Fashion ⏭️




