കാഴ്ച മങ്ങി കുരുന്നുകൾ:….. വേണം മൊബൈൽ ഉപയോഗ നിയന്ത്രണ നിയമം

തിരുവനന്തപുരം: സ്മാർട്ട് ഫോണുൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ കഴ്ച കുറയ്ക്കുന്നു. ഇതുസംബന്ധിച്ചുള്ള ജാമ നെറ്റ് വർക്ക് ഓപ്പണിന്റെ റിപ്പോർട്ടാണ് ആശങ്ക പങ്കുവച്ചത്. പ്രതിദിന സ്ക്രീൻ സമയം ഓരോ മണിക്കൂർ കൂടുന്തോറും ഹ്രസ്വദൃഷ്ടിക്കുള്ള (മയോപിയ) സാദ്ധ്യത 21 ശതമാനം വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. 3,35,524 പേരുടെ വിവരങ്ങൾ വിശകലനം ചെയ്ത് 45 പഠനങ്ങളാണ് നടത്തിയത്.
കുട്ടികളിലെ അമിത ഫോണുപയോഗം തടയാൻ നിയമ നിർമ്മാണം വേണമെന്നാണ് ആവശ്യം. നേത്ര രോഗ വിദഗ്ദ്ധരുടെ ദേശീയ കൂട്ടായ്മയായ ഓൾ ഇന്ത്യാ ഒഫ്താൽമിക് സൊസൈറ്റി ഇതിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകളെ സമീപിക്കും. വിശദമായ പഠന റിപ്പോർട്ട് കൈമാറുമെന്നും സൊസൈറ്റി മാനേജ്മെന്റ് കമ്മിറ്റിയംഗവും തലശ്ശേരി മൽഹാരി ഐ കെയർ ആശുപത്രി മെഡിക്കൽ ഡയറക്ടറുമായ ഡോ. ശ്രീനി എടക്ലോൺ പറഞ്ഞു.
സമഗ്രമായ നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാണ് കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസിന്റെ (കെ.എസ്.ഒ.എസ്) ആവശ്യം.
ഫോണിന് പകരം ഗ്രൗണ്ട്
രണ്ടു മുതൽ നാലു വയസു വരെയുള്ളവരിലെ ദിവസേനയുള്ള സ്ക്രീൻ സമയം ഒരു മണിക്കൂറിൽ കൂടരുത്. ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈലുൾപ്പെടെ നൽകരുത്.
കുട്ടികളെ പുറത്തുപോയി കളിക്കാൻ അനുവദിക്കണം.
ഉറങ്ങുന്നത് മുൻപ് മൊബൈൽ ഉപയോഗിക്കരുത്.
ദീർഘനേരം ജോലി ചെയ്യുമ്പോൾ ഇടവേളകൾ എടുക്കണം
കാഴ്ച കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുണ്ടായാൽ കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കുക




