NEWS

സ്വന്തം ‘കാര്യത്തിനായി’ ട്രംപ് പുതിയ ചട്ടം ‘തിരുത്തി’; ഇന്ത്യയ്ക്കും കിട്ടും ആശ്വാസം, ഇനി ‘പണി’ ഇറാനുമാത്രം


യുദ്ധവും കപ്പൽ ഉപരോധവും മൂലം ഒടുവിൽ അമേരിക്ക തന്നെ വെട്ടിലായപ്പോൾ ‘സ്വന്തം താൽപ്പര്യ’ത്തിനായി ചട്ടത്തിൽ ‘ഇളവ്’ വരുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് എണ്ണയുൾപ്പെടെ വലിയതോതിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% അധിക തീരുവ ചുമത്താൻ കഴിയുന്ന ലിൻഡ്സെ ഗ്രഹാം ബില്ലിൽ ട്രംപ് അടുത്തിടെ ഒപ്പിട്ടിരുന്നു. യുഎസിൽ ഡീസൽ വില ചരിത്രത്തിലെ എക്കാലത്തെയും ഉയരത്തിലെത്തിയതോടെ, നിലപാടിൽ മലക്കംമറിഞ്ഞ ട്രംപ്, റഷ്യയിൽ നിന്ന് യുഎസ് ഡീസൽ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാൽ, പുതിയ ചട്ടം നിലവിൽവന്നിരിക്കേ റഷ്യയിൽ നിന്ന് ഡീസൽ വാങ്ങിക്കൊണ്ട് ട്രംപ് അമേരിക്കയ്ക്കുതന്നെ തീരുവ ഏർപ്പെടുത്തുമോ എന്ന് സ്വന്തം പാർട്ടിയിൽ നിന്നുപോലും വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ, ബില്ലിൽ‌ ട്രംപ് ഇളവ് പ്രഖ്യാപിച്ചത്. ഇതോടെ യുഎസിനും ഇനി റഷ്യയിൽ നിന്ന് ഡീസലും എണ്ണയും വാങ്ങാം. ഇന്ത്യ, ചൈന തുടങ്ങി റഷ്യയിൽ നിന്ന് വലിയതോതിൽ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും ട്രംപിന്റെ ഈ നിലപാട് മാറ്റം ആശ്വാസമാകും.പുട്ടിൻ-ട്രംപ് ഫ്രണ്ട്ഷിപ്പ് റഷ്യയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തപ്പെടുത്തന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ പുതിയ തീരുമാനമെന്നും വിലയിരുത്തലുണ്ട്. റഷ്യൻ ഊർജകേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് യുക്രെയ്നോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവകയ്ക്കാതെ ഇരുരാജ്യങ്ങളും പരസ്പരം റിഫൈനറികളും മറ്റും ആക്രമിക്കുകയാണ്. ഇന്ത്യയ്ക്ക് ആശ്വാസം യുഎസിലേക്കുള്ള ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നിലവിൽ 10% തീരുവയുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ 100 ശതമാനം തീരുവ കൂടി ചുമത്തിയാൽ ഇന്ത്യൻ കയറ്റുമതി കമ്പനികൾക്ക് കനത്ത തിരിച്ചടിയാകും. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെയും ബാധിക്കും. നേരത്തെ റഷ്യൻ എണ്ണയെച്ചൊല്ലി യുഎസ് ഇന്ത്യയ്ക്കുമേൽ 25 ശതമാനം തീരുവ ചുമത്തിയിരുന്നു. ട്രംപ് നിലപാട് മാറ്റിയതിനാൽ ഇന്ത്യയ്ക്ക് ആശ്വാസിക്കാം. യുഎസ് സമ്മർദത്തിനു വഴങ്ങില്ലെന്നും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതു തുടരുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.


Fashion ⏭️

Back to top button