BUSINESS

ലയനമോ വിൽപനയോ? ഫെയർഫാക്സിലേക്ക് കണ്ണുംനട്ട് സിഎസ്ബി ബാങ്ക്, സമയമുണ്ടല്ലോ എന്ന് പ്രേം വത്സ


കൊച്ചി ∙ പൊതുമേഖലയിലുള്ള ഐഡിബിഐ ബാങ്ക് കനേഡിയൻ നിക്ഷേപക സ്ഥാപനമായ ഫെയർഫാക്സിന് കൈമാറാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകിയതോടെ, തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) മുന്നോട്ടുള്ള യാത്ര സംബന്ധിച്ച ചർച്ചകൾ ബാങ്കിങ് രംഗത്ത് സജീവമായി. സിഎസ്ബിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ മുന്നിൽ 2 വർഷമുണ്ടല്ലോ എന്ന നിലപാടാണ് ഫെയർഫാക്സ് സ്ഥാപകൻ പ്രേം വത്സയുടേത്. കൈമാറ്റത്തിന് കേന്ദ്രാനുമതി ലഭിച്ചതോടെ ഫെയർഫാക്സ് ഐഡിബിഐ ബാങ്കിന്റെ 60.72% ഓഹരിയുടമകളാകും. സിഎസ്ബി ബാങ്കിൽ 40% ഓഹരി പങ്കാളിത്തമുള്ള ഫെയർഫാക്‌സാണ് ബാങ്ക് നിയന്ത്രിക്കുന്നത്. എന്നാൽ ഒരു സ്ഥാപനത്തിന് ഒരേസമയം ഒന്നിലധികം ബാങ്കുകളുടെ നിയന്ത്രണം ആർബിഐ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഫെയർഫാക്സിന് മുൻപിൽ രണ്ടു വഴികളുണ്ട്. അതിലൊന്ന് സിഎസ്ബി ബാങ്ക് ഐഡിബിഐ ബാങ്കുമായി ലയിപ്പിക്കുക എന്നതാണ്.  അല്ലെങ്കിൽ ഓഹരിപങ്കാളിത്തം ഒഴിഞ്ഞ് സിഎസ്ബിയുടെ നിയന്ത്രണം ഉപേക്ഷിക്കണം. ഫെയർഫാക്സിന് മുൻപിള്ള പ്രധാന വഴി സിഎസ്ബി ബാങ്കിനെ ഐഡിബിഐ ബാങ്കുമായി ലയിപ്പിക്കുക എന്നുള്ളതാണ്. സിഎസ്ബിക്ക് കേരളത്തിലും തമിഴ്നാട്ടിലും നല്ല സാന്നിധ്യമുണ്ട്. സിഎസ്ബി ബാങ്കിന്റെ ഇടപാടുകളുടെ 54 ശതമാനവും സ്വർണപ്പണയമാണ്. അതുകൊണ്ടുതന്നെ, ലയനം സ്വർണപ്പണയ ഇടപാടുകളുടെ വാതിൽ ഐഡിബിഐ ബാങ്കിന് വലിയതോതിൽ തുറന്നു കൊടുക്കും.  തടസ്സം രണ്ടു ബാങ്കുകളും രണ്ടു സാങ്കേതിക വിദ്യകളുപയോഗിക്കുന്നതിനാൽ ലയനം അത്ര പെട്ടെന്നു നടക്കില്ല. സിഎസ്ബിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ, ആർബിഐ ഫെയർഫാക്സിന് 2 വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയം കൊണ്ട് സാങ്കേതികവിദ്യ ഏകീകരിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഫെയർഫാക്സ് കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജനായ പ്രേം വത്സ 1985 ൽ സ്ഥാപിച്ച നിക്ഷേപകസ്ഥാപനമാണ് ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്‌സ്. റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ് മേഖലയിലാണ് പ്രധാനനിക്ഷേപങ്ങൾ. വിവിധ രാജ്യങ്ങളിൽ 7,500 കോടി ഡോളറിന്റെ നിക്ഷേപം. ഇന്ത്യയിൽ ഇവരുടെ നിക്ഷേപം 730 കോടി ഡോളർ.


Travel ⏭️

Back to top button