LIFESTYLE
വീട്ടിലെ ഈ നിസ്സാര പണികൾ പോലും സ്വയം ചെയ്യാൻ അറിയില്ല; നിങ്ങളും ഇങ്ങനെയാണോ? ഇനി പരിഹാരമുണ്ട്

വീടുകളിൽ പെട്ടെന്നുണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾക്ക് പലപ്പോഴും നാം മറ്റുള്ളവരെ ആശ്രയിക്കാറാണ് പതിവ്. ചെറിയ വീട്ടുജോലികളും റിപ്പയറുകളും ഫ്യൂസ് മാറ്റിയിടുക, ലളിതമായ ഇലക്ട്രിക്കൽ പ്രശ്നങ്ങൾ തിരിച്ചറിയുക, പൈപ്പ് ചോർച്ച അടയ്ക്കുക, ചെറിയ തുണികൾ തുന്നുക തുടങ്ങി കാര്യങ്ങൾ മുതൽ അടുക്കളയിലെ അടിസ്ഥാനപരമായ കാര്യങ്ങൾ വരെ പലർക്കും ഇന്നും ഒരു ബാലികേറാമലയാണ്.സിങ്കിൽ അഴുക്ക് വെള്ളം കെട്ടിക്കിടക്കുന്നു, പ്ലമറെ വിളിക്കാൻ വരട്ടെ! അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന സമയത്ത് സിങ്കിലെ അഴുക്കുവെള്ളം താഴേക്ക് പോകാതെ കെട്ടിക്കിടക്കുന്നത് വലിയൊരു അസൗകര്യമാണ്. ഇതിനായി ഉടൻ തന്നെ ഒരു പ്ലമറെ വിളിക്കുന്നത് അമിതമായ ചെലവിനും കാത്തിരിപ്പിനും ഇടയാക്കും. സത്യത്തിൽ, അടുക്കളയിലെ മിക്ക തടസ്സങ്ങൾക്കും അങ്ങനെയൊരാളുടെ ആവശ്യം വരുന്നില്ല. കൊഴുപ്പ്, ഭക്ഷണാവശിഷ്ടങ്ങൾ, സോപ്പ് എന്നിവ അടിഞ്ഞുകൂടി പൈപ്പിന്റെ വ്യാസം കുറയുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം. പ്രത്യേക ഉപകരണങ്ങളൊന്നും കൂടാതെ, ഒരു മണിക്കൂറിനുള്ളിൽ വീട്ടിൽ തന്നെ ഇത് പരിഹരിക്കാം.1. ചൂടുവെള്ളം: സിങ്കിനടിയിൽ പരിശോധിക്കുന്നതിനോ ഡ്രെയിനിലേക്ക് രാസവസ്തുക്കൾ ഒഴിക്കുന്നതിനോ മുൻപ് തിളച്ച വെള്ളം ഉപയോഗിച്ചു നോക്കുക. ഒരു കെറ്റിൽ നിറയെ വെള്ളം തിളപ്പിച്ച്, ഒരു മിനിറ്റ് മാറ്റി വച്ച ശേഷം സാവധാനം രണ്ടോ മൂന്നോ ഘട്ടങ്ങളായി നേരിട്ട് ഡ്രെയിനിലേക്ക് ഒഴിക്കുക. ഓരോ തവണ ഒഴിച്ച ശേഷവും മുപ്പത് സെക്കൻഡ് ഇടവേള നൽകുക. ചൂട് കൊഴുപ്പിനെ ഉരുക്കി വെള്ളം അതിനെ ഒഴുക്കിക്കളയുന്നു.2. ബേക്കിങ് സോഡയും വിനാഗിരിയും: അര കപ്പ് ബേക്കിങ് സോഡ നേരിട്ട് ഡ്രെയിനിലേക്ക് ഒഴിച്ചതിന് ശേഷം അര കപ്പ് വൈറ്റ് വിനാഗിരി കൂടി ഒഴിക്കുക. ഇത് ശക്തമായി പതയുകയും രാസപ്രവർത്തനം വഴി പൈപ്പിനുള്ളിലെ അഴുക്കിനെ അലിയിച്ചു കളയുകയും ചെയ്യും. പത മുകളിലേക്ക് തെറിക്കുന്നത് ഒഴിവാക്കാൻ ഡ്രെയിൻ ഭാഗത്ത് ഒരു തുണിയോ ഡ്രെയിൻ സ്റ്റോപ്പറോ വയ്ക്കുക. ഇരുപത് മിനിറ്റിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.3. പ്ലഞ്ചർ ഉപയോഗിക്കുക: അടുക്കളയിലെ സിങ്കിൽ സാധാരണ ‘കപ്പ് പ്ലഞ്ചർ’ ഉപയോഗിക്കാം. പ്ലഞ്ചറിലെ റബ്ബർ കപ്പ് പൂർണമായും മുങ്ങിക്കിടക്കാൻ പാകത്തിന് സിങ്കിൽ വെള്ളമുണ്ടെന്ന് ഉറപ്പാക്കുക. ഡ്രെയിനിന് മുകളിൽ കൃത്യമായി വച്ച് പത്തുമുതൽ പതിനഞ്ച് തവണ വരെ ശക്തിയായി മുകളിലേക്കും താഴെക്കും ചലിപ്പിച്ച ശേഷം പെട്ടെന്ന് വലിച്ചെടുക്കുക.4. പി-ട്രാപ്പ് പരിശോധിക്കുക: മുകളിൽ പറഞ്ഞിരിക്കുന്നവയെല്ലാം പരീക്ഷിച്ചിട്ടും ശരിയായില്ലെങ്കിൽ, സിങ്കിന് തൊട്ടുതാഴെയുള്ള വളഞ്ഞ ആകൃതിയിലുള്ള ‘U’ പൈപ്പ് ഭാഗം (പി-ട്രാപ്പ്) അഴിച്ചു പരിശോധിക്കുക. പൈപ്പിന് താഴെ ഒരു ബക്കറ്റ് വച്ച്, ഇരുവശത്തുമുള്ള ‘സ്ലിപ്പ്-ജോയിന്റ് നട്ടുകൾ’ കൈകൊണ്ട് തിരിച്ച് അഴിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കി വീണ്ടും ഘടിപ്പിക്കുക.
Cinema ⏭️




