NEWS
‘ഇതെന്ത് നോട്ടിസാണ്; എന്നെ തൂക്കിക്കൊന്നോളൂ’: ഡൽഹി പൊലീസിനോട് അഭിജീത് ദിപ്കെ

ന്യൂഡൽഹി∙ തിരംഗ യാത്ര നടത്തരുതെന്നാവശ്യപ്പെട്ട് ഉച്ചയോടെയാണ് ഡൽഹി പൊലീസ് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ വസതിയിലെത്തിയത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആറിന്റെ പേരിൽ വോട്ടർ പട്ടികയിൽനിന്ന് ആളുകളെ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിനുമെതിരെ ഡൽഹിയിലെ കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രതിഷേധിക്കാൻ സിജെപി തീരുമാനിച്ചിരുന്നു. പ്രതിഷേധം തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ഡൽഹി പൊലീസ് നടപടികൾ കടുപ്പിച്ചത്. സിജെപി നേതാക്കളായ അശുതോഷ് റാംകയെയും സൗരവ് ദൗസിനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതും പ്രതിഷേധത്തിന്റെ മറ്റൊരു പ്രധാന കാരണമായി. എനിക്കെതിരെ എന്തൊക്കെ ആരോപണങ്ങളാണ് നിങ്ങളൊക്കെ ഉന്നയിച്ചിരിക്കുന്നത് എന്ന് ദിപ്കെ തന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥനോടു ചോദിച്ചു. ഡൽഹി പൊലീസ് നൽകിയ നോട്ടിസിലെ ആരോപണങ്ങൾ ഉദ്ധരിച്ചായിരുന്നു ദിപ്കെയുടെ ചോദ്യങ്ങൾ. ‘സമൂഹമാധ്യമങ്ങളിലൂടെ ദിപ്കെ പൊതുസമൂഹത്തെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്’ എന്ന നോട്ടിസിലെ ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം. ‘ഇത് എന്ത് തമാശയാണ് നിങ്ങൾ എഴുതിച്ചേർത്തിരിക്കുന്നത്. എന്ത് നോട്ടിസാണിത്. ഇതൊരു നോട്ടിസാണോ?. തോന്നുന്നതൊക്കെ എഴുതിച്ചേർക്കുകയാണോ?’–ദിപ്കെ ചോദിച്ചു. എന്നാൽ പിന്നെ എന്നെ തൂക്കിക്കൊന്നോളൂ എന്നും ദിപ്കെ പൊലീസുദ്യോഗസ്ഥനോടു പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തന്റെ ഒരു വിഡിയോ എങ്കിലും കാണിച്ചുതരാനും ദിപ്കെ പൊലീസിനെ വെല്ലുവിളിച്ചു.
Fashion ⏭️




